വിവാദങ്ങള്‍ക്കിടയില്‍ ആയിരുന്നു ആമിര്‍ ഖാന്‍ പുത്രന്‍ ജുനൈദ് ഖാന്റെ ‘മഹാരാജ്’ എന്ന ചിത്രത്തിന്റെ റിലീസ്. മഹാരാജ് ലൈബല്‍ കേസിനെ അടിസ്ഥാനമാക്കി എത്തിയ ചിത്രം അധികം പ്രമോഷന്‍ ഒന്നുമില്ലാതെ ആയിരുന്നു നെറ്റ്ഫ്‌ളിക്‌സില്‍ ജൂണ്‍ 21ന് റിലീസ് ചെയ്തത്. എന്നാല്‍ ചിത്രത്തിന് സ്വീകാര്യത ലഭിച്ചിരുന്നു.
മകനെ കുറിച്ചോര്‍ത്ത് അഭിമാനമുണ്ടെന്ന് പറയുകയാണ് ആമിര്‍ ഖാന്‍ ഇപ്പോള്‍. ”മകന്റെ ആദ്യ ചിത്രമായ മഹാരാജിന് മികച്ച സ്വീകാര്യത കിട്ടുന്നതില്‍ എറെ സന്തോഷമുണ്ട്. പ്രേക്ഷകര്‍ ജുനൈദിനെ സ്വീകരിക്കുമോ എന്ന കാര്യത്തില്‍ ആദ്യമൊരു ആശങ്കയുണ്ടായിരുന്നു. അത് എന്നെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.”
”പിന്നീട് അതുമാറി. സിനിമക്ക് വേണ്ടി അവന്‍ വളരെയധികം കഷ്ടപ്പെട്ടു. എന്റെ യാതൊരു സഹായവും സ്വീകരിച്ചില്ല. സ്വന്തം നിലക്ക് പ്രയത്‌നിച്ചാണ് ഇന്നു കാണുന്ന വിജയം നേടിയത്. അതില്‍ എനിക്ക് ഒരുപാട് സന്തോഷവും അഭിമാനവുമുണ്ട്. അത് ഞാന്‍ നേരില്‍ കണ്ടു” എന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്.
അതേസമയം, 1862ലെ മഹാരാജ് ലൈബല്‍ കേസ് അടിസ്ഥാനമാക്കിയുള്ള മഹാരാജ് മതവികാരം വ്രണപ്പെടുത്തുമെന്ന് കാട്ടി കൃഷ്ണ-വല്ലഭാചാര്യ വിശ്വാസികള്‍ സിനിമയ്‌ക്കെതിരെ ഹര്‍ജി നല്‍കിയിരുന്നു. സിനിമയ്ക്ക് ആദ്യം കോടതി സ്‌റ്റേ ഏര്‍പ്പെടുത്തിയെങ്കിലും പിന്നീട് സ്റ്റേ മാറ്റിയതോടെ റിലീസ് ചെയ്യുകയായിരുന്നു.
ബ്രിട്ടീഷ് ഇന്ത്യയിലെ ബോംബെയില്‍ 1862ല്‍ നടന്ന ഒരു മാനനഷ്ടക്കേസാണ് മഹാരാജ് ലൈബല്‍ കേസ്. പുഷ്ടിമാര്‍ഗ് എന്ന ആശ്രമവുമായി ബന്ധപ്പെട്ട് നടന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ച നാനാഭായ് റുസ്തംജി റാനീനക്കും ലേഖനമെഴുതിയ കര്‍സന്ധാസ് മുല്‍ജിയ്ക്കും എതിരായി ആത്മീയനേതാവായിരുന്ന യാദുനാഥ്ജി ബ്രിജ്രതന്‍ജി മഹാരാജ് നല്‍കിയ കേസ് ആണ് മഹാരാജ് ലൈബല്‍ കേസ്.