ഇനി ശിവനല്ല ദൈവദൂതന്‍..; 27 കട്ടുകള്‍ അംഗീകരിച്ച് അക്ഷയ് ചിത്രത്തിന്റെ പുതിയ ട്രെയ്‌ലര്‍

സെന്‍സര്‍ ബോര്‍ഡിന്റെ 27 കട്ടുകളും അംഗീകരിച്ച് പുതിയ ട്രെയ്‌ലറുമായി അക്ഷയ് കുമാറിന്റെ ‘ഓ മൈ ഗോഡ് 2’. ചിത്രത്തില്‍ പരമശിവനായാണ് അക്ഷയ് കുമാര്‍ എത്തുന്നത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം അനുസരിച്ച് ദൈവദൂതന്‍ ആയാണ് അക്ഷയ് കുമാര്‍ എത്തുന്നത്.

ശിവനോട് സമാനമായ രൂപത്തിലാണ് എത്തുന്നതെങ്കിലും നീല നിറത്തില്‍ താരം പ്രത്യക്ഷപ്പെടില്ല. ഇതും സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ്. ഈ രംഗങ്ങള്‍ നീക്കം ചെയ്യുകയോ കളര്‍ ടോണ്‍ മാറ്റുകയോ ചെയ്യണം എന്നായിരുന്നു നിര്‍ദേശം. സിനിമ കൈകാര്യം ചെയ്യുന്ന വിഷയം ലൈംഗിക വിദ്യാഭ്യാസമാണ്.

ഇത് അടക്കമുള്ള 27 രംഗങ്ങള്‍ നീക്കം ചെയ്തിരിക്കുന്നത്. ഉജ്ജയിനിയില്‍ നടക്കുന്നതായി ചിത്രീകരിച്ച ചിത്രം സെന്‍സര്‍ കട്ട് കഴിഞ്ഞ് തിയറ്ററുകളിലെത്തുമ്പോള്‍ ഇന്ത്യയിലെ സാങ്കല്പിക സ്ഥലത്താവും നടക്കുക. ആകെ 13 മിനിറ്റാണ് ചിത്രത്തില്‍ നിന്ന് നീക്കം ചെയ്തത്.

രണ്ട് മണിക്കൂര്‍ മുപ്പത്താറ് മിനിറ്റാണ് സിനിമയുടെ ഇപ്പോഴത്തെ ദൈര്‍ഘ്യം. എങ്കിലും ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയത്. പങ്കജ് തൃപാഠി, യാമി ഗൗതം എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്ന കോമഡി ചിത്രം 2012 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഓ മൈ ഗോഡിന്റെ രണ്ടാം ഭാഗമാണ്.

Read more

അമിത് റായിയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യ ഭാഗമൊരുക്കിയത് ഉമേഷ് ശുക്ല ആയിരുന്നു. പരേഷ് റാവല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആദ്യ ഭാഗത്തില്‍ ഭഗവാന്‍ കൃഷ്ണനായാണ് അക്ഷയ് കുമാര്‍ പ്രത്യക്ഷപ്പെട്ടത്. അരുണ്‍ ഗോവില്‍, ഗോവിന്ദ് നാംദേവ് എന്നിവരാണ് മറ്റ് താരങ്ങള്‍.