പിച്ചപ്പാത്രവുമായി യാചിക്കുകയല്ല, ചാള്‍സ് രാജാവ് എന്റെ സിനിമ കാണണം.. അവര്‍ മാപ്പ് പറയും: അക്ഷയ് കുമാര്‍

തന്റെ പുതിയ ചിത്രം ‘കേസരി: ചാപ്റ്റര്‍ 2’ ചാള്‍സ് രാജാവും ബ്രിട്ടീഷ് സര്‍ക്കാരും കാണണമെന്ന് നടന്‍ അക്ഷയ് കുമാര്‍. തന്റെ സിനിമ കണ്ടു കഴിഞ്ഞാല്‍ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടന്‍ മാപ്പ് പറയുമെന്നാണ് അക്ഷയ് കുമാര്‍ അവകാശപ്പെടുന്നത്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് അക്ഷയ് കുമാര്‍ സംസാരിച്ചത്.

”അവര്‍ മാപ്പ് പറയണമെന്ന് പിച്ചപ്പാത്രവുമായി ഞാന്‍ യാചിക്കുകയല്ല. ഈ ചിത്രം കണ്ട ശേഷം അവര്‍ തെറ്റ് തിരിച്ചറിയണം. മറ്റ് കാര്യങ്ങള്‍ അവരുടെ വായില്‍ നിന്ന് സ്വാഭാവികമായി വരും. ക്ഷമാപണം തീര്‍ച്ചയായും സംഭവിക്കും, അത് സ്വാഭാവികമായി നടക്കും. പക്ഷേ അവര്‍ ഈ സിനിമ കാണണം. ബ്രിട്ടീഷ് സര്‍ക്കാരും ചാള്‍സ് രാജാവും സിനിമ കാണണം.”

”എന്താണ് സംഭവിച്ചതെന്ന് അവര്‍ മനസിലാക്കണം. ബാക്കിയെല്ലാം സ്വാഭാവികമായി സംഭവിക്കും. എന്റെ മുത്തച്ഛന്‍ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ ദൃക്സാക്ഷിയാണ്. അദ്ദേഹം എന്റെ അച്ഛനോടും അച്ഛന്‍ എന്നോടും സംഭവത്തിന്റെ കഥകള്‍ പറഞ്ഞു തന്നിട്ടുണ്ട്. ഞാന്‍ കുട്ടിക്കാലം തൊട്ട് കൂട്ടക്കൊലയെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്.”

”അതിനാല്‍ ഈ ചിത്രം എനിക്ക് ഒരുപാട് വിശേഷപ്പെട്ടതാണ്. സംഭവം എന്റെ മനസില്‍ പതിഞ്ഞുകിടപ്പുണ്ട്. നാം ശരിക്കും എന്താണോ അറിയേണ്ടത്, അത് ചരിത്രം പഠിപ്പിക്കുന്നില്ല എന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം” എന്നാണ് അക്ഷയ് കുമാര്‍. അതേസമയം, ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ കഥ പറയുന്ന ചിത്രമാണ് കേസരി ചാപ്റ്റര്‍ 2.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്രോയി കൗണ്‍സിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ശങ്കരന്‍ നായരുടെ വേഷത്തിലാണ് ചിത്രത്തില്‍ അക്ഷയ് കുമാര്‍ എത്തുന്നത്.

Read more