ഓസ്‌കര്‍ വെറും സില്ലി അവാര്‍ഡ്, ഞങ്ങള്‍ക്ക് ദേശീയ അവാര്‍ഡുണ്ട്.. അമേരിക്ക യഥാര്‍ത്ഥ മുഖം അംഗീകരിക്കാന്‍ ഇതുവരെ തയാറായിട്ടില്ല: കങ്കണ

ഓസ്‌കര്‍ അവാര്‍ഡിനെ പുച്ഛിച്ച് നടിയും എംപിയുമായ കങ്കണ റണാവത്ത്. കങ്കണ സംവിധാനം ചെയ്ത് അഭിനയിച്ച ‘എമര്‍ജന്‍സി’ സിനിമ ഓസ്‌കര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഒരു ആരാധകന്റെ കമന്റിന് മറുപടി നല്‍കി കൊണ്ടാണ് കങ്കണ ഓസ്‌കര്‍ ഒരു സില്ലി അവാര്‍ഡ് മാത്രമാണെന്ന പരാമര്‍ശം നടത്തിയത്. ഓസ്‌കര്‍ അമേരിക്ക കൈയ്യില്‍ വയ്ക്കട്ടെ, തങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ഉണ്ടെന്നാണ് കങ്കണ പറയുന്നത്.

തിയേറ്ററില്‍ പരാജയമായി മാറിയ എമര്‍ജന്‍സി ഒ.ടി.ടിയില്‍ എത്തിയപ്പോള്‍ ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. എമര്‍ജന്‍സി ഓസ്‌കര്‍ നേടണം എന്ന് പറഞ്ഞുകൊണ്ട് എത്തിയ ഒരു കുറിപ്പ് പങ്കുവച്ചാണ് കങ്കണ പ്രതികരിച്ചത്. ‘എമര്‍ജന്‍സി ഇന്ത്യയില്‍ നിന്നുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള എന്‍ട്രിയാകണം’ എന്നാണ് കുറിപ്പിലുള്ളത്.

kangana-reply

”അമേരിക്ക അതിന്റെ യഥാര്‍ത്ഥ മുഖം അംഗീകരിക്കാന്‍ താല്‍പര്യപ്പെടുന്നില്ല, വികസ്വര രാജ്യങ്ങളെ അവര്‍ എങ്ങനെ ഭീഷണിപ്പെടുത്തി അടിച്ചമര്‍ത്തുകയും വളച്ചൊടിക്കുകയും ചെയ്യുന്നു എന്നത് എമര്‍ജന്‍സിയില്‍ തുറന്നുകാട്ടപ്പെട്ടു. അവരുടെ സില്ലി ഓസ്‌കര്‍ അവരുടെ കയ്യില്‍ തന്നെ വച്ചോട്ടെ. ഞങ്ങള്‍ക്ക് ദേശീയ അവാര്‍ഡുണ്ട്” എന്നാണ് കങ്കണ കുറിച്ചിരിക്കുന്നത്.

സംവിധായകന്‍ സഞ്ജയ് ഗുപ്തയുടെ പ്രതികരണവും കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്. ”ചിത്രത്തെ മുന്‍ധാരണയോടെയാണ് സമീപിച്ചത്. എന്നാല്‍ കങ്കണ അഭിനയത്തിലും, സംവിധാനത്തിലും ശരിക്കും ഞെട്ടിച്ചു. ഇതൊരു വേള്‍ഡ് ക്ലാസ് ചിത്രമാണ്” എന്നാണ് സഞ്ജയ് ഗുപ്ത പ്രതികരിച്ചത്.

കഥയും ആഖ്യാന രീതിയും ഗംഭീരം. കഥാപാത്രത്തെ അതിഗംഭീരമായി തന്നെ കങ്കണ അവതരിപ്പിച്ചു എന്നും സംവിധായകന്‍ കുറിച്ചിട്ടുണ്ട്. അതേസമയം, ജനുവരി 17ന് ആണ് ചിത്രം തിയേറ്ററില്‍ എത്തിയത്. മാര്‍ച്ച് 14ന് ആണ് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്.

Read more