മഞ്ജു വാര്യര്‍ ചിത്രം ‘ഫൂട്ടേജ്’ ഹിന്ദിയില്‍ റിലീസിന് ഒരുങ്ങുകയാണ്. സംവിധായകന്‍ അനുരാഗ് കശ്യപ് ആണ് ചിത്രം ഹിന്ദി പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിക്കുന്നത്. ഇതിനിടെ മഞ്ജു വാര്യരെ തന്റെ പ്രോജക്ടുകളില്‍ നേരത്തെ കാസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നതിനെ കുറിച്ചും, എന്നാല്‍ അത് നടക്കാതെ പോയതിനെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് അനുരാഗ് കശ്യപ് ഇപ്പോള്‍.
സേക്രഡ് ഗെയിംസ് എന്ന നെറ്റ്ഫ്‌ളിക്‌സ് സീരീസിലേക്ക് ആദ്യം താന്‍ മഞ്ജു വാര്യരെ പരിഗണിച്ചിരുന്നു എന്നാണ് അനുരാഗ് കശ്യപ് പറയുന്നത്. ഈ കാസ്റ്റിംഗ് നടക്കാതെ പോയതിനെ കുറിച്ചും സംവിധായകന്‍ സംസാരിച്ചു. സീരീസിലെ കുസും ദേവി യാദവ് എന്ന കഥാപാത്രത്തിനായാണ് മഞ്ജുവിനെ പരിഗണിച്ചത്.
മഞ്ജുവിനൊപ്പം നയന്‍താരയെയും ഈ റോളിലേക്ക് പരിഗണിച്ചിരുന്നുവെന്ന് അനുരാഗ് കശ്യപ് വ്യക്തമാക്കി. അമൃത സുഭാഷ് ചെയ്ത റോളിലേക്ക് മഞ്ജു വാര്യരെ കാസ്റ്റ് ചെയ്യാന്‍ ഞങ്ങള്‍ ശ്രമിച്ചു. സേക്രഡ് ഗെയിംസിന് വേണ്ടി ഓഡിഷന്‍ ചെയ്യുന്നുണ്ടായിരുന്നു. നെറ്റ്ഫ്‌ളിക്‌സിന് മൂന്ന് ഓപ്ഷനാണ് നല്‍കിയത്. മഞ്ജു വാര്യരും നയന്‍താരയും മറ്റൊരാളും.
ആ സമയത്ത് നെറ്റ്ഫ്‌ലിക്‌സിന് ഇന്ത്യയില്‍ ഓഫീസില്ല. എല്ലാം യുഎസില്‍ ആയിരുന്നു. ആ സമയത്ത് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ സൗത്ത് സിനിമകള്‍ ശ്രദ്ധിക്കുന്നില്ല. അവര്‍ക്ക് മാര്‍ക്കറ്റുള്ളിടത്ത് നിന്നും ഒരു നടിയെ വേണമെന്നായിരുന്നു. മഹാരാഷ്ട്രയിലും മറ്റുമായി അത് പരിമിതമായിരുന്നു. അവര്‍ക്ക് സബ്‌സ്‌ക്രൈബേഴ്‌സിനെ ലഭിക്കുന്നിടത്തെ അടിസ്ഥാനമാക്കിയായിരുന്നു ചോയ്‌സുകള്‍ എന്നാണ് അനുരാഗ് കശ്യപ് പറയുന്നത്.
അതേസമയം, മഞ്ജുവുമായുള്ള സൗഹൃദത്തെ കുറിച്ചും അനുരാഗ് കശ്യപ് സംസാരിക്കുന്നുണ്ട്. ഞങ്ങള്‍ 2011-13 കാലഘട്ടത്തിലാണ് കാണുന്നത്. ഞങ്ങള്‍ക്ക് കോമണ്‍ ഫ്രണ്ട്‌സുണ്ട്. ഗീതു മോഹന്‍ദാസും രാജീവ് രവിയും. തന്റെയും മഞ്ജു വാര്യരുടെയും പിറന്നാള്‍ ഒരേ ദിവസമാണ് എന്നും അനുരാഗ് കശ്യപ് പറഞ്ഞു.