യുകെ പാര്‍ലമെന്റില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഏറ്റുവാങ്ങിയിരിക്കുകയാണ് നടന്‍ ചിരഞ്ജീവി. യുകെ ആസ്ഥാനമായുള്ള സംഘടനയായ ബ്രിഡ്ജ് ഇന്ത്യയാണ് സാംസ്‌കാരിക നേതൃത്വത്തിലൂടെ പൊതുസേവനത്തിലെ മികവിനുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ചിരഞ്ജീവിക്ക് സമ്മാനിച്ചത്. ഇതിനിടെ ഫാന്‍സ് മീറ്റപ്പിനായി പണം പിരിക്കാന്‍ ശ്രമിച്ച സംഘടനകളെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിരഞ്ജീവി.
ചിരഞ്ജീവി എക്‌സില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ”യുകെയില്‍ ഫാന്‍സ് മീറ്റ് നടത്താന്‍ കാശ് വാങ്ങിയ സംഘാടകരെയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിരഞ്ജീവി വിമര്‍ശിച്ചിരിക്കുന്നത്. ”പ്രിയപ്പെട്ട ആരാധകരേ, യുകെയില്‍ എന്നെ കാണാന്‍ ആഗ്രഹിക്കുന്ന നിങ്ങളുടെ എല്ലാവരുടെയും സ്‌നേഹവും ആരാധനയും എന്നെ വളരെയധികം സ്പര്‍ശിച്ചു.”
My Dear Fans , I am deeply touched by all your love and affection in wanting to meet me in UK. However, I’ve been informed that some individuals are attempting to charge a fee for the fan meetings. I strongly condemned this behaviour. Any fee collected by any one will be refunded…
— Chiranjeevi Konidela (@KChiruTweets) March 20, 2025
”എന്നാല്‍ ചില വ്യക്തികള്‍ ഫാന്‍സ് മീറ്റപ്പ് നടത്താനായി ഫീസ് ഈടാക്കാന്‍ ശ്രമിക്കുന്നുവെന്ന വിവരം എനിക്ക് ലഭിച്ചു. ഈ പെരുമാറ്റത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു. ആരുടെയെങ്കിലും അടുത്തു നിന്ന് പണം പിരിച്ചിട്ടുണ്ടെങ്കില്‍ അത് തിരികെ നല്‍കുന്നതാണ്. ഇങ്ങനെയുള്ള പ്രവര്‍ത്തികളെ ഞാന്‍ പിന്തുണയ്ക്കില്ല. ദയവായി അത് ശ്രദ്ധിക്കുക.”
”നമ്മള്‍ പങ്കിടുന്ന സ്‌നേഹബന്ധം വിലമതിക്കാനാവാത്തതാണ്. ഇതിനെ ആര്‍ക്കും വാണിജ്യവത്ക്കരിക്കാനാവില്ല. നമുക്കിടയിലെ ബന്ധം ആത്മാര്‍ത്ഥമായിരിക്കാനും ചൂഷണത്തിന്റെ പുറത്താവാതിരിക്കാനും ശ്രദ്ധിക്കാം” എന്നാണ് ചിരഞ്ജീവി കുറിച്ചിരിക്കുന്നത്. ആരാധകസംഗമത്തില്‍ ചിരഞ്ജീവി ഇക്കാര്യം ആവര്‍ത്തിക്കുന്ന വീഡിയോയും ആരാധകര്‍ പങ്കുവച്ചിട്ടുണ്ട്.
അതേസമയം, യുകെ നിയമനിര്‍മാതാക്കളും ബ്രിഡ്ജ് ഇന്ത്യയും ചേര്‍ന്ന് നല്‍കുന്ന അംഗീകാരം ചിരഞ്ജീവിയുടെ കരിയറിലെ മറ്റൊരു സുപ്രധാന നേട്ടമാണ്. 2024ല്‍ ചിരഞ്ജീവിയെ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.