ഐശ്വര്യയെ ഒരു നോക്ക് കാണാന്‍ വേണ്ടി മാത്രം മണിക്കൂറുകളോളം കാത്തുനിന്നിട്ടുണ്ട്, പക്ഷെ..: ഇമ്രാന്‍ ഹാഷ്മി

ഐശ്വര്യ റായ്‌യെ കുറിച്ച് ഇമ്രാന്‍ ഹാഷ്മി നടത്തിയ പരാമര്‍ശം മുമ്പ് വിവാദമായിരുന്നു. ഐശ്വര്യ റായ് വെറും പ്ലാസ്റ്റിക് ആണ് എന്നായിരുന്നു കോഫി വിത്ത് കരണ്‍ ഷോയില്‍ ഇമ്രാന്‍ ഹാഷ്മി പറഞ്ഞത്. എന്നാല്‍ ഈയടുത്ത് ആ വാക്കുകളില്‍ വിശദീകരണവുമായി ഇമ്രാന്‍ എത്തിയിരുന്നു. ഗിഫ്റ്റ് ഹാമ്പര്‍ ലഭിക്കാന്‍ വേണ്ടി പറഞ്ഞതായിരുന്നു ഇത് എന്നാണ് നടന്‍ വ്യക്തമാക്കിയത്.

ഐശ്വര്യ റായ്‌യെ കാണാനായി മണിക്കൂറുകളോളം കാത്തുനിന്നതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇമ്രാന്‍ ഹാഷ്മി ഇപ്പോള്‍. അസിസ്റ്റന്റ് ഡയറക്ടര്‍ ആയി വര്‍ക്ക് ചെയ്തിരുന്ന സമയത്ത് ഒന്നര മണിക്കൂറോളം കാരവാനിന് പുറത്ത് കാത്തുനിന്നിട്ടുണ്ട് എന്നാണ് ഇമ്രാന്‍ പറയുന്നത്.

”എന്റെ കസിന്‍ മോഹിത് സൂരിയുടെ കൂടെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നപ്പോള്‍ ഞാന്‍ അവരുടെ കാരവാനിന് പുറത്ത് കാത്തുനിന്നിട്ടുണ്ട്. ഒന്നര മണിക്കൂറോളം കാത്തുനിന്നിട്ടുണ്ട്. റാസ് സിനിമ ചെയ്യുകയായിരുന്നു ഞങ്ങള്‍. ഹം ദില്‍ ദേ ചുകേ ഹേ സനം എന്ന സിനിമ കണ്ട ഞാന്‍ അവരുടെ വലിയ ആരാധകനായി മാറിയിരുന്നു.”

”അവരെ ഒരു നോക്ക് കാണാനായി ഞാന്‍ ആഗ്രഹിച്ചിരുന്നു” എന്നാണ് ഇമ്രാന്‍ ഹാഷ്മി കണക്ട് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഐശ്വര്യ പ്ലാസ്റ്റിക് ആണെന്ന് പറഞ്ഞതില്‍ ഇമ്രാന്‍ ഖേദം പ്രകടിപ്പിച്ചത്.

Read more

”ഞാന്‍ അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടില്ല. ഐശ്വര്യയുടെ വലിയൊരു ആരാധകനാണ് ഞാന്‍. അതായിരുന്നു ആ ഷോയുടെ സ്വഭാവം. അങ്ങനെ പറയാതിരുന്നാല്‍ എനിക്ക് ഗിഫ്റ്റ് ഹാമ്പര്‍ നേടാനാവില്ല. ഞാന്‍ അവരെ ഇഷ്ടപ്പെടുന്നുണ്ട്. അവരുടെ വര്‍ക്കുകളില്‍ എനിക്ക് ആരാധനയുണ്ട്” എന്നായിരുന്നു ഇമ്രാന്‍ ഹാഷ്മി പറഞ്ഞത്.