അവന്റെ ബ്രഹ്മാസ്ത്രം മാത്രം മതി ബോളിവുഡാകെ ചാമ്പലാവാന്‍; വിമര്‍ശനവുമായി സുശാന്തിന്റെ സഹോദരി

രൺബീർ കപൂർ ആലിയ ഭട്ട് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി കരൺ ജോഹർ നിർമ്മിച്ച ചിത്രം ബ്രഹ്മാസ്ത്രയ്ക്ക് എതിരെ വിമർശനങ്ങളുമായി അന്തരിച്ച നടൻ സുശാന്ത് സിംഗിന്റെ സഹോദരി മീതു. തന്റെ സഹോദരന്റെ ബ്രഹ്മാസ്ത്രം മാത്രം മതി ബോളിവുഡാകെ ചാമ്പലാവാനെന്ന് മീതു സിംഗ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിന് നേരെയായിരുന്നു മീതുവിന്റെ വിമർശനം.

സുശാന്തിന്റെ ബ്രഹ്മാസ്ത്രം മതി ബോളിവുഡാകെ ചാമ്പലാവാന്‍. വിനയമോ പരസ്പര ബഹുമാനമോ ഇല്ലാത്ത ബോളിവുഡിന് എപ്പോഴും ജനങ്ങളോട് ആജ്ഞാപിക്കാനാണ് താല്‍പര്യം. ധാര്‍മിക മൂല്യങ്ങളാല്‍ സമ്പന്നമായ നമ്മുടെ രാജ്യത്തിന് ഇതുപോലെയുള്ള ആള്‍ക്കാരെ എങ്ങനെയാണ് രാജ്യത്തിന്റെ മുഖമായി ഉയര്‍ത്തി കാണിക്കാനാവുക. ജനങ്ങളുടെ സ്നേഹം നേടിയെടുക്കുന്നതിൽ അവർ പരാജയപ്പെട്ടു.

ജീവിതത്തിന്റെ ഗുണനിലവാരവും ധാർമ്മിക മൂല്യങ്ങളും മാത്രമാണ് പ്രശംസയും ആദരവും നേടുന്നതെന്നും മീതു ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സുശാന്തിന്റെ ഫോട്ടോ സഹിതമായിരുന്നു സഹോദരിയുടെ പോസ്റ്റ്. മീതുവിന്റെ പോസ്റ്റിന് താഴെ ‘ജസ്റ്റിസ് ഫോർ സുശാന്ത്, ബോയ്‌കോട്ട് ബോളിവുഡ്’ തുടങ്ങി നിരവധി ഹാഷ്ടാഗുകളാണ് പ്രത്യക്ഷപ്പെട്ടത്.

View this post on Instagram

A post shared by Meetu Singh (@divinemitz)

Read more

2020 ജൂൺ 14 നാണ് സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സുശാന്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിന് നേരെ കടുത്ത പ്രതിഷേധങ്ങൾ ഉടലെടുത്തിരുന്നു. ബോളിവുഡിന്റെ നെപ്പോട്ടിസം കൾച്ചറും യാതൊരു സിനിമാ പശ്ചാത്തലവും ഇല്ലാതെ പുറത്തുനിന്ന് വരുന്നവരെ അവഗണിക്കുന്നതും സുശാന്തിന്റെ മരണത്തിന് പിന്നിലെ കാരണമായി ആരോപിക്കപ്പെട്ടിരുന്നു.