'അച്ഛനെ പോലെ പെര്‍ഫക്ഷനിസ്റ്റ് അല്ല ഞാന്‍, അദ്ദേഹത്തിന് എന്ത് കണ്ടാലും അത് ഇഷ്ടമാകും..'; ആമിര്‍ ഖാന്‍ പുത്രന്‍ ജുനൈദ്

അച്ഛനെ പോലൊരു പെര്‍ഫക്ഷനിസ്റ്റ് അല്ല താന്‍ എന്ന് ആമിര്‍ ഖാന്റെ പുത്രന്‍ ജുനൈദ് ഖാന്‍. ‘മഹാരാജ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ജുനൈദ് ഖാന്‍. ആമിറിനെ പോലെ ഒരു പെര്‍ഫക്ഷനിസ്റ്റ് ആയി പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നത് ഭാരമാകുന്നുണ്ടോ എന്ന ചോദ്യത്തോടാണ് ജുനൈദ് ഖാന്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.

താന്‍ സ്വന്തം വഴിയിലൂടെ പോകാനാണ് ശ്രമിക്കുന്നത് എന്നാണ് ജുനൈദ് ഖാന്‍ പറയുന്നത്. ”ഞാന്‍ അങ്ങനെ കരുതുന്നില്ല. എല്ലാവരും അവരവരുടെ കാര്യം ചെയ്യണം. ജീവിതം ഓരോരുത്തര്‍ക്കും വ്യത്യമാണ്. ഈ ജീവിതം എന്റെതായ രീതിയില്‍ ഞാന്‍ ആസ്വദിക്കുകയാണ്” എന്നാണ് ജുനൈദ് ഖാന്‍ പറയുന്നത്.

തന്റെ സിനിമ മഹാരാജ് പിതാവ് ആമിര്‍ ഖാന്‍ കണ്ടതിനെ കുറിച്ചും ജുനൈദ് പ്രതികരിക്കുന്നുണ്ട്. ”അദ്ദേഹത്തിന് ആ സിനിമ ഇഷ്ടമായെന്നാണ് തോന്നുന്നത്. പക്ഷെ അദ്ദേഹത്തിന് എന്തും ഇഷ്ടമാവാറുണ്ട്. പ്രേക്ഷകനായി എന്തെങ്കിലും അദ്ദേഹം കാണാന്‍ ഇരിക്കുകയാണെങ്കില്‍, അത് ആസ്വദിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യും” എന്നാണ് ജുനൈദ് ഖാന്‍ പറയുന്നത്.

അതേസമയം, മഹരാജ് ലിബല്‍ കേസ് അടിസ്ഥാനമാക്കിയ സിനിമ മതവികാരം വ്രണപ്പെടുത്തുമെന്ന ആരോപണത്തെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സ്റ്റേ നീക്കിയിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ ബോംബെയില്‍ 1862ല്‍ നടന്ന ഒരു മാനനഷ്ടക്കേസാണ് മഹാരാജ് ലൈബല്‍ കേസ്.

പുഷ്ടിമാര്‍ഗ് എന്ന ആശ്രമവുമായി ബന്ധപ്പെട്ട് നടന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ച നാനാഭായ് റുസ്തംജി റാനീനക്കും ലേഖനമെഴുതിയ കര്‍സന്ധാസ് മുല്‍ജിയ്ക്കും എതിരായി ആത്മീയനേതാവായിരുന്ന യാദുനാഥ്ജി ബ്രിജ്രതന്‍ജി മഹാരാജ് നല്‍കിയ കേസ് ആണ് മഹാരാജ് ലൈബല്‍ കേസ്.