ബോളിവുഡിന് മറ്റൊരു തീരാനഷ്ടവും കൂടി സംഭവിച്ചിരിക്കുകയാണ്. സുശാന്ത് സിങ് രജ്പുത്തിന്റെ മരണം ഞെട്ടലോടെയാണ് ബോളിവുഡ് അറിഞ്ഞത്. ആറു മാസത്തോളമായി വിഷാദ രോഗത്തിനടിമയായിരുന്നു സുശാന്ത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്നാണ് താരം ആത്മഹത്യ ചെയ്തത്.
2008ല്‍ “കിസ് ദേശ് മേം ഹെ മേരാ ദില്‍” എന്ന സീരിയലിലൂടെയാണ് സുശാന്ത് അഭിനയരംഗത്തേക്കെത്തുന്നത്. “പവിത്ര റിശ്ത” എന്ന സീരിയലിലും താരം വേഷമിട്ടു. ഇരു സീരിയലുകളിലും നായികയായി അഭിനയിച്ച അങ്കിത ലോകണ്ടെയുമായി താരം പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ പിരിയുകയും ചെയ്തു.
ചേതന്‍ ഭഗത്തിന്റെ “ത്രീ മിസ്റ്റേക്സ് ഓഫ് ലൈഫ്” എന്ന പുസ്തകത്തെ ആസ്പദമാക്കി അഭിഷേക് കപൂറിന്റെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ “കൈ പോ ചെ” ആണ് ആദ്യ ചിത്രം. അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ “ശുദ്ധ് ദേസി റൊമാന്‍സ്” എന്ന ചിത്രത്തിലൂടെ സുശാന്ത് ശ്രദ്ധേയനായി. പികെ (2014), ഡിക്ടെറ്റീവ് ബ്യോംകേഷ് ഭക്ഷി (2015), എംഎസ് ധോനി: അണ്‍ടോള്‍ഡ് സ്‌റ്റോറി (2016), കേദാര്‍നാഥ് (2018), ചിച്ചോര്‍ (2019) എന്നിവയാണ് താരത്തിന്റെ സിനിമകള്‍.
ബിഹാറിലെ പട്‌നയിലാണ് സുശാന്ത് ജനിച്ചത്. 2002ലാണ് താരത്തിന് അമ്മയെ നഷ്ടമായത്. മരിക്കുന്നതിന് ഒരാഴ്ചയ്ക്ക മുമ്പേ അമ്മയുടെ ഓര്‍മ്മകളില്‍ നീറി താരം പോസ്റ്റ് പങ്കുവച്ചിരുന്നു. സുശാന്തിന്റെ സഹോദരി മിതു സിങ് സംസ്ഥാന ലെവല്‍ ക്രിക്കറ്റ് താരമായിരുന്നു.
ഡല്‍ഹി സ്‌കൂള്‍ ഓഫ് എന്‍ഞ്ചിനിയറിംഗില്‍ പ്രവേശനം നേടിയിരുന്നെങ്കിലും അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയതോടെ മൂന്നാം വര്‍ ഷം പഠനം ഉപേക്ഷിച്ചു. 11 തവണയാണ് അദ്ദേഹം എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷ എഴുതിയിരുന്നു. ഭൗതികശാസ്ത്രത്തില്‍ ദേശീയതല ഒളിമ്പ്യാഡ് ജേതാവായിരുന്നു സുശാന്ത്.
ഡല്‍ഹിയിലായിരുന്ന സമയത്ത് ബാരി ജോണിന്റെ അഭിനയ ക്ലാസുകളില്‍ സുശാന്ത് പങ്കെടുത്തിരുന്നു. മുംബൈയില്‍ എത്തിയപ്പോള്‍ നാദിറ ജബ്ബറിന്റെ എക്ജ്യൂട്ട് തിയേറ്റര്‍ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു. ഡല്‍ഹിയിലെ ഷിയാമാക് ദവാറിന്റെ ഡാന്‍സിലും അദ്ദേഹം ഭാഗമായിരുന്നു.
സഹതാരം അങ്കിത ലോകണ്ടെയുമായുള്ള ആറ് വര്‍ഷം നീണ്ടു നിന്ന പ്രണയബന്ധത്തിന് 2016ലാണ് സുശാന്ത് വിരാമമിട്ടത്. നടി കൃതി സനോനുമായി പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. നടി റിയ ചക്രബര്‍ത്തിയാണ് നിലവിലെ കാമുകിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ റിയക്കൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു.
ജ്യോതിശാസ്ത്രത്തില്‍ സുശാന്തിന് താല്‍പര്യമുണ്ടായിരുന്നു. പലപ്പോഴും സ്റ്റാര്‍ ഗേസിങ് പരീക്ഷണങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമായിരുന്നു. അദ്ദേഹത്തിന് ഒരു ടെലസ്‌കോപ്പും ഉണ്ടായിരുന്നു. 2018ല്‍ അദ്ദേഹം വിലകൂടിയ ബോയിംഗ് 737 ഫിക്‌സഡ് ബേസ് ഫ്‌ലൈറ്റ് സിമുലേറ്ററും വാങ്ങിയിരുന്നു.
2019 ല്‍ സുശാന്ത് അഭിനയിക്കാന്‍ തീരുമാനിച്ചിരുന്ന അഞ്ചോളം പ്രൊജക്ടുകളാണ് മുടങ്ങിയിരുന്നു. ആര്‍. മാധവനൊപ്പം ചന്ദ മാമാ ദൂരെ കേ എന്ന ചിത്രത്തില്‍ സുശാന്ത് അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആ പ്രൊജക്ട് നടന്നില്ല. എ.പി.ജെ അബ്ദുള്‍ കലാം, രബീന്ദ്രനാഥ ടാഗോര്‍, ചാണക്യന്‍ എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രങ്ങളും മുടങ്ങിപ്പോയി.
Read more
അമേരിക്കന്‍ റൊമാന്റിക് കോമഡി ചിത്രമായ ദ ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാറിന്റെ റീമേക്കായ ദില്‍ബേചാരാ എന്ന ചിത്രത്തിലാണ് സുശാന്ത് അവസാനമായി വേഷമിട്ടത്. മുകേഷ് ചബ്ര ഒരുക്കിയ ഈ ചിത്രത്തിന്റെ റിലീസ് സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് നീണ്ടു പോയി.