സൂപ്പര്‍ ഹീറോ ആയി സൂപ്പര്‍ സ്റ്റാര്‍ എത്തും; 'ശക്തിമാന്‍' ബിഗ് സ്‌ക്രീനിലേക്ക്

തൊണ്ണൂറുകളിലെ ഹിറ്റ് ടെലിവിഷന്‍ പരമ്പരയായ ‘ശക്തിമാന്‍’ ബിഗ് സ്‌ക്രീനിലേക്ക്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ സോണി പിക്‌ചേഴ്‌സ് ഇന്ത്യ പുറത്തു വിട്ടു. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ശക്തിമാനില്‍ മുകേഷ് ഖന്നയായിരുന്നു നായകന്‍.

ശക്തിമാന്‍ ബിഗ് സ്‌ക്രീനില്‍ എത്തിക്കാന്‍ ബ്ര്യൂവിങ് തോട്‌സ് പ്രൈവറ്റ് ലിമിറ്റഡും മുകേഷ് ഖന്നയുടെ ഉടമസ്ഥതയിലുള്ള ഭീഷ്മം ഇന്റര്‍നാഷനലുമായി സോണി കരാര്‍ ഒപ്പു വച്ചു. സംവിധായകന്‍ ആരായിരിക്കുമെന്നത് അടക്കമുള്ള കാര്യങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഇന്ത്യന്‍ സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളാകും ശക്തിമാന്‍ ആകുക.

ശക്തിമാന്റെ ഉദയം കാണിക്കുന്ന വീഡിയോയില്‍ പരമ്പരയിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ഗംഗാധര്‍ ശാസ്ത്രിയുടെ സിഗ്നേച്ചര്‍ വസ്തുക്കളായ ക്യാമറ, കട്ടിക്കണ്ണട തുടങ്ങിയവയും ശക്തിമാന്‍ കഥാപാത്രത്തിന്റെ നെഞ്ചിലുള്ള എംബ്ലവുമാണ് കാണിക്കുന്നത്. മുംബൈ നഗരത്തിന്റെ ദൃശ്യങ്ങളും ടീസറിലുണ്ട്.

ഇന്ത്യയിലും ലോകത്തും നിരവധി സൂപ്പര്‍ ഹീറോ ചിത്രങ്ങള്‍ വിജയകരമായി പ്രദര്‍ശിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ നമ്മുടെ പ്രാദേശിക സൂപ്പര്‍ ഹീറോക്ക് വരാന്‍ സമയമായെന്ന് വീഡിയോക്കൊപ്പം പോസ്റ്റ് ചെയ്ത കുറിപ്പില്‍ സോണി പിക്ച്ചേഴ്സ് പറഞ്ഞു.

അതേസമയം, 450 എപ്പിസോഡുകളിലായിരുന്നു ശക്തിമാന്‍ സംപ്രേഷണം ചെയ്തത്. പരമ്പരയിലെ നായകന്‍ മുകേഷ് ഖന്ന ഇന്നും അറിയപ്പെടുന്നതും ആ കഥാപാത്രത്തിന്റെ പേരില്‍ തന്നെയാണ്. 1997 മുതല്‍ 2000 പകുതിവരെയായിരുന്നു ശക്തിമാന്‍ സംപ്രേഷണം ചെയ്തത്.

Read more