കോടികള്‍ തട്ടിയെടുത്തു, അപകീര്‍ത്തിപ്പെടുത്തി.. നൂറ് കോടി രൂപ നഷ്ടപരിഹാരം വേണം; ഭാര്യയ്ക്കും സഹോദരനും എതിരെ നവാസുദ്ദീന്‍ സിദ്ദിഖി

മുന്‍ ഭാര്യ ആലിയ സിദ്ദിഖിക്കെതിരെ മാനനഷ്ടക്കേസുമായി നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി. നടനെതിരെ സോഷ്യല്‍ മീഡിയയില്‍ നിരന്തരമായി ആരോപണങ്ങള്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നൂറ് കോടി രൂപയുടെ മാനനഷ്ടക്കേസ് നവാസുദ്ദീന്‍ സിദ്ദിഖി ഫയല്‍ ചെയ്തിരിക്കുന്നത്.

നവാസുദ്ദീന്‍ സിദ്ദിഖി നല്ല മനുഷ്യന്‍ ആയിരുന്നില്ല എന്ന് ആലിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പുകളില്‍ പറഞ്ഞിരുന്നു. തങ്ങളുടെ രണ്ടാമത്തെ മകനെ നവാസുദ്ദീന്‍ അംഗീകരിക്കാന്‍ തയാറായിട്ടില്ല എന്ന് ആലിയ പറഞ്ഞിരുന്നു.

ആലിയയുടെ സഹോദരന്‍ ശംസുദ്ദീനിന് എതിരെയും നവാസുദ്ദീന്‍ പരാതി നല്‍കിയിട്ടുണ്ട്. തന്നെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് മുന്‍ ഭാര്യയും സഹോദരനും നിരന്തരം നടത്തുന്ന പരാമര്‍ശങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി വേണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതോടൊപ്പം ഇവരില്‍ നിന്നും രേഖാമൂലമുള്ള മാപ്പപേക്ഷ നല്‍കണമെന്നും താരം പരാതിയില്‍ പറയുന്നുണ്ട്. 2008ല്‍ ആണ് ശംസുദ്ദീനെ ഒന്നും ആലോചിക്കാതെ തന്റെ മാനേജറായി നിയമിക്കുകയായിരുന്നു. എല്ലാ സാമ്പത്തിക ഇടപാടുകളുടെയും ചുമതല ഇയാള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു.

Read more

എന്നാല്‍, പകരം തന്നെ വഞ്ചിച്ച് പണവും സ്വത്തുക്കളും തട്ടിയെടുക്കുകയാണ് ചെയ്തതെന്നും നവാസുദ്ദീന്‍ സിദ്ദിഖി ആരോപിക്കുന്നുണ്ട്. തട്ടിപ്പുകള്‍ പിടികൂടിയതോടെയാണ് സഹോദരി ആലിയയെ ഉപയോഗിച്ച് തനിക്കെതിരെ കേസ് കൊടുത്തതെന്നും ഇരുവരും ചേര്‍ന്ന് 21 കോടിയോളം രൂപ തന്നില്‍നിന്ന് തട്ടിയെടുത്തിട്ടുണ്ടെന്നും താരം ആരോപിച്ചു.