ബോളിവുഡും ഹോളിവുഡും കീഴടക്കിയ നായിക പ്രിയങ്ക ചോപ്രയുടെ സിനിമാ അരങ്ങേറ്റം ‘തമിഴന്‍’ എന്ന തമിഴ് ചിത്രത്തിലൂടെയാണ്. എന്നാല്‍ വിജയ് നായകനായ ഈ സിനിമയില്‍ അഭിനയിക്കാന്‍ പ്രിയങ്ക ആദ്യം സമ്മതിച്ചിരുന്നില്ല. പ്രിയങ്കയുടെ അമ്മ മധു ചോപ്രയാണ് ഇക്കാര്യം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
”ആരോ ഒരാള്‍ വഴിയാണ് തെന്നിന്ത്യന്‍ സിനിമയിലേക്കുള്ള ഓഫര്‍ പ്രിയങ്കയ്ക്ക് വരുന്നത്. ഇങ്ങനെയൊരു ഓഫര്‍ വന്നതിനെ കുറിച്ച് ഞാന്‍ പ്രിയങ്കയോട് പറഞ്ഞു. എന്നാല്‍ അവള്‍ കരഞ്ഞു കൊണ്ട് സിനിമ ചെയ്യുന്നില്ലെന്ന് പറഞ്ഞു. അവള്‍ എപ്പോഴും നല്ല അനുസരണയുള്ള കുട്ടിയായിരുന്നു.”
”ഈ ഓഫര്‍ സ്വീകരിക്കണമെന്ന് ഞാന്‍ അവളോട് പറഞ്ഞപ്പോള്‍, അവള്‍ സമ്മതിച്ചു. അങ്ങനെയാണ് തമിഴന്റെ കരാര്‍ ഒപ്പിടുന്നത്. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി കഴിഞ്ഞപ്പോള്‍ പതുക്കെ അവളത് ഇഷ്ടപ്പെടാന്‍ തുടങ്ങി. ഭാഷ അറിയില്ലെങ്കിലും അവള്‍ അത് നന്നായി ആസ്വദിച്ചു.”
”ആ സിനിമയുടെ അണിയറപ്രവര്‍ത്തകരെല്ലാം അവളെ സഹായിക്കുകയും വളരെ ബഹുമാനത്തോടെ പെരുമാറുകയും ചെയ്തു. വിജയ് ആയിരുന്നു നായകന്‍. അദ്ദേഹം വളരെ മാന്യനായ വ്യക്തിയാണ്. രാജു സുന്ദരമായിരുന്നു കൊറിയോഗ്രാഫര്‍. ഡാന്‍സ് ചെയ്യുന്നതില്‍ പ്രിയങ്കയ്ക്ക് കുഴപ്പമൊന്നുമില്ലായിരുന്നു.”
”പക്ഷേ ചുവടുകളില്‍ വിജയ്ക്കൊപ്പം പിടിച്ചു നില്‍ക്കാന്‍ അവള്‍ക്കാദ്യം കഴിഞ്ഞില്ല. രാവിലെ മുതല്‍ വൈകുന്നേരം വരെ നൃത്ത സംവിധായകനോടൊപ്പം ഡാന്‍സ് പരിശീലിക്കുമായിരുന്നു. പിന്നെ അതും അവള്‍ ആസ്വദിക്കാന്‍ തുടങ്ങി. അത് അഭിനയം ഒരു കരിയറായി തിരഞ്ഞെടുക്കാന്‍ അവളെ സഹായിച്ചു” എന്നാണ് മധു ചോപ്ര പറയുന്നത്.