ബോളിവുഡ് തന്നെ ഒതുക്കി എന്ന് തുറന്നുപറഞ്ഞ താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡ് കടന്ന ഹോളിവുഡ് വരെ എത്തി നില്‍ക്കുകയാണ് താരം ഇപ്പോള്‍. ഇതിനിടെ കരിയറിന്റെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ചിരിക്കുകയാണ് പ്രിയങ്ക. 18-ാം വയസില്‍ മിസ് വേള്‍ഡ് കിരീടം ചൂടിയതിന് ശേഷമാണ് പ്രിയങ്ക സിനിമാരംഗത്തേക്ക് എത്തുന്നത്.
തന്റെ 19-ാം വയസില്‍ ഒരു സംവിധായകനില്‍ നിന്നും നേരിട്ട ദുരനുഭവമാണ് ഫോബ്സ് പവര്‍ വിമന്‍സ് സമ്മിറ്റില്‍ പ്രിയങ്ക തുറന്നു പറഞ്ഞത്. അത് തീര്‍ത്തും അസ്വസ്ഥതയുണ്ടാക്കുന്നതായ അനുഭവമാണ് എന്നായിരുന്നു നടിയുടെ തുറന്നുപറച്ചില്‍. താന്‍ അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അതിന്റെ സംവിധായകന്റെ അടുത്തേക്ക് പോയത്.
സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് തന്റെ സ്‌റ്റൈലിസ്റ്റിനോട് വിശദീകരണമെന്ന് സംവിധായകനോട് ആവശ്യപ്പെട്ടു. വസ്ത്രധാരണം കൃത്യമായിരിക്കാനാണ് അങ്ങനെയൊരു കാര്യം സംവിധായകനോട് അഭ്യര്‍ഥിച്ചത്. എന്നാല്‍, ആ സമയത്ത് തീര്‍ത്തും അസ്വസ്ഥതയുണ്ടാക്കുന്ന രീതിയിലാണ് ആ സംവിധായകന്‍ പെരുമാറിയത്. അയാള്‍ സ്റ്റൈലിസ്റ്റുമായി ഫോണില്‍ സംസാരിച്ചു.
”അവള്‍ അവളുടെ പാന്റീസ് കാണിക്കുമ്പോള്‍ അവളെ കാണാനായി ആളുകള്‍ സിനിമ കാണാന്‍ വരും. അതിനാല്‍ പാന്റീസ് ചെറുതായിരിക്കണം. മുന്നിലിരിക്കുന്ന ആളുകളെ നിങ്ങള്‍ക്കറിയാമല്ലോ, അവര്‍ക്ക് അവളുടെ പാന്റീസ് കാണാന്‍ കഴിയണം” എന്നായിരുന്നു സംവിധായകന്‍ ഫോണില്‍ പറഞ്ഞത്.
ഇതേ രീതിയില്‍ അയാള്‍ നാല് തവണ ഫോണില്‍ സംസാരിച്ചു. അത് വളരെ മോശം അനുഭവമായിരുന്നു. ഈ സംഭവത്തിന് പിന്നാലെ താന്‍ വീട്ടിലെത്തി ഇക്കാര്യം അമ്മയായ മധു ചോപ്രയോട് പറഞ്ഞു. അതോടെ ആ സിനിമ ഉപേക്ഷിച്ചു. പിന്നീടൊരിക്കലും ആ സംവിധായകനൊപ്പം പ്രവര്‍ത്തിച്ചിട്ടില്ല എന്നാണ് പ്രിയങ്ക ചോപ്ര പറഞ്ഞത്.