ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ഹിറ്റ് മേക്കര്‍ എന്ന ലേബല്‍ നേടിയ സംവിധായകനാണ് അറ്റ്‌ലീ. ജവാന് ശേഷം അറ്റ്‌ലീ ചിത്രത്തില്‍ അഭിനയിക്കാന്‍ ബോളിവുഡിലെ മറ്റ് സൂപ്പര്‍ താരങ്ങളും എത്തുന്നുവെന്ന വാര്‍ത്തകളും എത്തിയിരുന്നു. സല്‍മാന്‍ ഖാന്‍-അറ്റ്‌ലീ കോമ്പോ എത്തുന്നുവെന്ന വാര്‍ത്ത ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സിനിമ പിന്നീട് ഉപേക്ഷിച്ചു.
ചിത്രത്തിന്റെ വലിയ ബജറ്റ് ആണ് ഉപേക്ഷിക്കാനുള്ള കാരണമായത് എന്നായിരുന്നു വിവരം. എന്നാല്‍ യഥാര്‍ത്ഥ്യത്തില്‍ സിനിമ ഉപേക്ഷിക്കാന്‍ കാരണമായത് ബജറ്റ് അല്ല മറ്റ് ചില കാര്യങ്ങളും കൂടിയുണ്ട് എന്ന പുതിയ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. സല്‍മാനൊപ്പം അതേ പ്രാധാന്യത്തില്‍ അഭിനയിക്കാന്‍ ഒരു തെന്നിന്ത്യന്‍ താരത്തെ കൂടി അറ്റ്‌ലീ തേടിയിരുന്നു.
കമല്‍ഹാസന്‍, രജനികാന്ത് എന്നീ പേരുകളാണ് അറ്റ്‌ലീ മുന്നോട്ട് വച്ചത്. ഇതില്‍ കമലിനെ ഏതാണ്ട് ഉറപ്പിച്ചിരുന്നു. സല്‍മാന്റെ അച്ഛന്‍ വേഷമായിരുന്നു കമല്‍ ഹാസന്‍ ചിത്രത്തില്‍ ചെയ്യേണ്ടിയിരുന്നത്. ഈ റോളില്‍ കമല്‍ താല്‍പര്യം പ്രകടിപ്പിക്കാത്തതോടെയാണ് ചിത്രം പ്രതിസന്ധിയിലായത്. തുടര്‍ന്ന് രജനികാന്തിനെ സമീപിച്ചു.
രജനികാന്തിന്റെ ഡേറ്റിനായി ശ്രമിച്ചെങ്കിലും കൂലി, ജയിലര്‍ 2 തിരക്കുകള്‍ കാരണം അദ്ദേഹം വേഷം നിരസിക്കുകയായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ നിന്നും സില്‍വസ്റ്റര്‍ സ്റ്റാലോണിനെ പരിഗണിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒരു തടസ്സമായി എന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്.
അതേസമയം, അല്ലു അര്‍ജുനെ നായകനാക്കിയുള്ള പുതിയ സിനിമയുടെ തിരക്കിലാണ് അറ്റ്‌ലീ. ജവാന്‍ എന്ന സിനിമയുടെ വിജയത്തിന് ശേഷം അറ്റ്‌ലീയും പുഷ്പ 2 ന്റെ വിജയത്തിന് പിന്നാലെ അല്ലുവും ഒന്നിക്കുന്ന സിനിമ വമ്പന്‍ ബജറ്റിലാണ് ഒരുങ്ങുന്നതും. പുനര്‍ജന്മ പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്.