പൊലീസുകാര്‍ക്ക് ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും എട്ട് ഹോട്ടലുകളില്‍ സൗകര്യം ഒരുക്കി രോഹിത് ഷെട്ടി; നന്ദി അറിയിച്ച് മുംബൈ പൊലീസ്

ലോകം മുഴുവന്‍ കോവിഡ് ഭീഷണി തുടരവെ പൊലീസുകാര്‍ക്ക് ഭക്ഷണം കഴിച്ച് വിശ്രമിക്കാനായി എട്ട് ഹോട്ടലുകളില്‍ സൗകര്യം ഒരുക്കി സംവിധായകനും നിര്‍മ്മാതാവുമായ രേഹിത് ഷെട്ടി. പ്രഭാത ഭക്ഷണവും അത്താഴവുമാണ് ഹോട്ടലുകളില്‍ നല്‍കുക. രോഹിത് ഷെട്ടിക്ക് നന്ദി അറിയിച്ച് മുംബൈ പൊലീസും രംഗത്തെത്തി.

“”കോവിഡ് വാരിയേഴ്‌സിന് പ്രഭാത ഭക്ഷണത്തിനും അത്താഴത്തിനുമുള്ള ക്രമീകരണങ്ങളടക്കം വിശ്രമിക്കാനും കുളിക്കാനും നഗരത്തിലുടനീളമുള്ള എട്ട് ഹോട്ടലുകളില്‍ രോഹിത് ഷെട്ടി സൗകര്യമൊരുക്കി…ഞങ്ങളെ സഹായിച്ചതിനും മുംബൈ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും ഞങ്ങള്‍ അദ്ദേഹത്തിന് നന്ദി പറയുന്നു”” എന്നാണ് മുംബൈ പൊലീസ് ട്വീറ്റ് ചെയ്തത്.

പൊലീസ് കേന്ദ്ര കഥാപാത്രമായുള്ള നിരവധി സിനിമകള്‍ ഒരുക്കിയതിനാല്‍ ചിലപ്പോള്‍ താന്‍ ഹിന്ദി സിനിമയിലാണോ അതോ പൊലീസിലാണോ പണിയെടുക്കുന്നത് എന്ന് തോന്നിപ്പോകാറുണ്ട് എന്ന് രോഹിത് ഷെട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.