വയനാട് മുണ്ടക്കൈ – ചൂരൽമല ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന് ആവർത്തിച്ച് ഹൈക്കോടതി. ദുരന്തബാധിതരുടെ ജീവനോപാധിയാണ് ഇല്ലാതായത്, ഇത് കണ്ടില്ലെന്ന് നടക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ദേശീയ ദുരന്തമായതുകൊണ്ടുതന്നെ കടബാധ്യത എഴുതിത്തള്ളാൻ വ്യവസ്ഥയില്ലേയെന്നും ഡിവിഷൻ ബെഞ്ച് ആരാഞ്ഞു.
ലോണുകള്‍ എഴുതിത്തള്ളുന്നത് സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമെന്ന് കേന്ദ്രം കോടതിയില്‍ മറുപടി നല്‍കി. കൊവിഡിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് താൽക്കാലികമായിരുന്നു, എന്നാൽ വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് സംഭവിച്ചത് അങ്ങനെയല്ലെന്ന് കോടതി പറഞ്ഞു. വയനാട് ദുരിതബാധിതരുടെ ജീവനോപാധി തന്നെയാണ് ഇല്ലാതായത്, അത് കണ്ടില്ലെന്ന് നടിക്കാനാവില്ല. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നത് കേന്ദ്ര സർക്കാർ ഗൗരവമായി പരിശോധിക്കണമെന്നും ഹൈക്കോടതി വീണ്ടും ആവശ്യപ്പെട്ടു.
അതേസമയം കോടതി ഉത്തരവിറക്കിയാൽ അക്കാര്യം പരിശോധിക്കാമെന്നായിരുന്നു കേന്ദ്ര സർക്കാരിന്‍റെ മറുപടി. വായ്പ എഴുതിത്തള്ളാൻ കേന്ദ്ര നിയമത്തിൽ വ്യവസ്ഥയുണ്ടെങ്കിലും ദേശീയ ദുരന്ത നിവരാണ അതോറിറ്റിയുടെയുടെ അനുമതി കൂടി വേണ്ടതുണ്ട്. വായ്പകൾ എഴുതിത്തള്ളമെന്ന് ബാങ്കുകളെ നിർബന്ധിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാ എന്നറിയിച്ച കോടതി കേസ് പരിഗണിക്കുന്നത് വേനലവധിക്ക് ശേഷം മാറ്റി.