ലാപതാ ലേഡീസ് സുപ്രീം കോടതിയില്‍ പ്രദര്‍ശിപ്പിക്കുന്നു; ചിത്രം കാണാന്‍ ചീഫ് ജസ്റ്റിസും ജഡ്ജിമാരും

കിരണ്‍ റാവുവിന്റെ സംവിധാനത്തില്‍ എത്തിയ ഹിറ്റ് ചിത്രം ‘ലാപതാ ലേഡീസ്’ ഇന്ന് സുപ്രീം കോടതിയില്‍ പ്രദര്‍ശിപ്പിക്കും. ജഡ്ജിമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മറ്റ് സുപ്രിം കോടതി ജീവനക്കാര്‍ക്കും വേണ്ടിയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ചിത്രം കാണാനുണ്ടാകും.

ചിത്രത്തിന്റെ നിര്‍മ്മാതാവായ ബോളിവുഡ് താരം ആമിര്‍ ഖാനും സംവിധായക കിരണ്‍ റാവുവും സ്‌ക്രീനിംഗില്‍ പങ്കെടുക്കും. അഡ്മിനിസ്‌ട്രേറ്റീവ് ബില്‍ഡിംഗ് കോംപ്ലക്‌സിലെ സി-ബ്ലോക്കിലുള്ള ഓഡിറ്റോറിയത്തില്‍ വൈകിട്ട് 4.15 മുതല്‍ 6.20 വരെയായിരിക്കും പ്രദര്‍ശനം.

മാര്‍ച്ച് ഒന്നിന് തിയേറ്ററില്‍ എത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. എന്നാല്‍ സിനിമ ഒ.ടി.ടിയില്‍ എത്തിയതോടെ ഏറെ ചര്‍ച്ചയാവുകയായിരുന്നു. ഏപ്രില്‍ 26 ന് ആണ് ലാപതാ ലേഡീസ് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. പ്രതിഭ രത്‌ന, നിതാഷി ഗോയല്‍, സ്പര്‍ശ് ശ്രീവാസ്തവ എന്നീ പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.

ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളിലാണ് ലാപതാ ലേഡീസിന്റെ കഥ നടക്കുന്നത്. രണ്ട് യുവതികളാണ് മുഖ്യ കഥാപാത്രങ്ങള്‍. വിവാഹശേഷം ട്രെയ്‌നില്‍ വരന്റെ വീട്ടിലേക്ക് പോകുന്നതിനിടെ ഒരു സ്‌റ്റേഷനില്‍ ഒരു വരന്‍ വധുവിന്റെ കൈപിടിച്ച് ഇറങ്ങുകയായിരുന്നു. എന്നാല്‍ അത് സ്വന്തം വധു ആയിരുന്നില്ല. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.