ചരക്ക് എന്ന് വിളിക്കുന്ന സിനിമകളില്‍ ഇനി അഭിനയിക്കില്ല, അറിയാതെ അങ്ങനെ ഒരുപാട് സിനിമകള്‍ ചെയ്തു പോയി: സൊനാക്ഷി സിന്‍ഹ

ചരക്ക് എന്ന് വിളിക്കപ്പെടുന്ന സിനിമകളില്‍ ഇനി അഭിനയിക്കില്ലെന്ന് സൊനാക്ഷി സിന്‍ഹ. തന്റെ കരിയറിന്റെ തുടക്കകാലത്ത് ചെയ്ത റോളുകളെ സ്വയം വിമര്‍ശിച്ചു കൊണ്ടാണ് സൊനാക്ഷി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ‘ഹീരാമണ്ഡി’ എന്ന പുതിയ വെബ് സീരിസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് സൊനാക്ഷി സംസാരിച്ചത്.

”ഞാന്‍ സ്ഥിരമായി ചെയ്തിരുന്ന ചിത്രങ്ങളില്‍ നിന്നും ഒരു മാറ്റം അകിര എന്ന സിനിമയില്‍ നിങ്ങള്‍ക്ക് വ്യക്തമായി കാണാനാകും. ഞാന്‍ ആദ്യ കാലത്ത് അഭിനയിച്ചിരുന്നു, ചരക്ക് എന്ന് വിശേഷിപ്പിക്കുന്ന തരത്തിലുള്ള സിനിമകളില്‍ ഇനി അഭിനയിക്കില്ല. ഒരിക്കലും അങ്ങനെയുള്ള സിനിമകളിലേക്ക് തിരിച്ചു പോകാന്‍ പറ്റില്ല.”

”ഒരു കലാകാരി എന്ന നിലയില്‍ നിങ്ങള്‍ക്ക് ഒരു ഉത്തരവാദിത്വമുണ്ട്. നിങ്ങളെ ഉറ്റുനോക്കുന്ന ഒരുപാട് പേരുണ്ട്. തുടക്കകാലത്ത് ചില വലിയ സിനിമകളുടെ ഭാഗമാകാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ആ സമയത്ത് ശരിയായ തീരുമാനമെടുത്ത് ആരും നോ പറയില്ല. അതുകൊണ്ട് ഞാന്‍ അത് ചെയ്തു.”

”നിങ്ങള്‍ വളര്‍ന്ന് കഴിയുമ്പോഴാണ് അതിനെ കുറിച്ച് സംസാരിക്കുകയും ആളുകള്‍ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്യുക. ഇത് വിമര്‍ശനമാണെങ്കിലും അത് സൃഷ്ടിപരമാണ്” എന്നാണ് സൊനാക്ഷി പറയുന്നത്. ‘ധബാങ്’ എന്ന സല്‍മാന്‍ ചിത്രത്തിലൂടെയാണ് സൊനാക്ഷി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.

തുടര്‍ന്ന് ചെയ്ത സിനിമകളില്‍ പലതും ധബാങ് ചിത്രത്തിലേത് പോലെ ഹീറോയെ ആശ്രയിച്ച് ജീവിക്കുന്ന ക്ലീഷേ നായിക വേഷങ്ങള്‍ ആയിരുന്നു. 2016ല്‍ പുറത്തിറങ്ങിയ അകിര ആണ് തന്റെ കരിയര്‍ ബ്രേക്ക് ചിത്രമെന്നാണ് സൊനാക്ഷി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ആസിഡ് ആക്രമണങ്ങള്‍ക്ക് ഇരയായ സ്ത്രീകള്‍ക്ക് വേണ്ടി പോരാടിയ കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ നടി അവതരിപ്പിച്ചത്.

Read more