വിവാദ താരം എന്ന ടാഗ് ആണ് എനിക്ക്, ഞാന്‍ ഇരയായി അഭിനയിച്ചില്ല, പക്ഷെ പറയാനുള്ളത് പറഞ്ഞില്ലെങ്കില്‍ ശ്വാസംമുട്ടും: സ്വര ഭാസ്‌കര്‍

രാഷ്ട്രീയ കാര്യങ്ങളില്‍ അടക്കം തന്റേതായ അഭിപ്രായങ്ങള്‍ തുറന്നു പറയാറുള്ള ബോളിവുഡ് താരമാണ് സ്വര ഭാസ്‌കര്‍. മോദി സര്‍ക്കാറിനെതിരെയും ലോകത്ത് നടക്കുന്ന സംഭവങ്ങളിലുമെല്ലാം സ്വര പ്രതികരിക്കാറുണ്ട്. നടിയുടെ പ്രതികരണങ്ങള്‍ വിവാദം സൃഷ്ടിക്കാറുമുണ്ട്. ഇത്തരം വിവാദങ്ങള്‍ കാരണം തനിക്ക് സിനിമയില്‍ അവസരങ്ങള്‍ കുറയുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സ്വര ഇപ്പോള്‍.

വിവാദ താരം എന്ന ടാഗ് ആണ് തനിക്കിപ്പോള്‍ എന്നാണ് സ്വര പറയുന്നത്. ”വിവാദ താരം എന്ന ടാഗ് ആണ് എനിക്ക് ഇപ്പോള്‍. സംവിധായകരും നിര്‍മ്മാതാക്കളും വിതരണക്കാരും വരെ എന്നെ കുറിച്ച് മോശം പറയുന്നുണ്ട്. അങ്ങനൊരു ഇമേജ് ആയി മാറിയിരിക്കുകയാണ്. ഇത് എന്നെ വിഷമിപ്പിക്കുന്നില്ല എന്നല്ല, എനിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയുന്നുണ്ടെങ്കിലും അഭിനയിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന എനിക്ക് അതിന് സാധിക്കുന്നില്ല.”

”അത് എന്നെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. എല്ലാത്തോടും എനിക്ക് പ്രതികരിക്കാം എന്ന് പറഞ്ഞാലും, അത് വേദനിപ്പിക്കുന്നുണ്ട്. എന്റെ പ്രതികരണങ്ങള്‍ക്ക് പ്രത്യാഘാതങ്ങള്‍ ഉണ്ടാവാറുണ്ട്. എന്റെ മകള്‍ റാബിയ ജനിക്കുന്നതിന് മുമ്പ് ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടത് അഭിനയിക്കുന്നതാണ്. ഒരുപാട് കഥാപാത്രങ്ങളും പ്രോജക്ടുകളും ചെയ്യണമെന്നുണ്ടായിരുന്നു. പക്ഷെ എനിക്ക് വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചില്ല.”

”കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാത്തതില്‍ സാമ്പത്തികവും വൈകാരികവുമായ കാരണങ്ങളുമുണ്ട്. പക്ഷെ ഒരു ഇരയായി അഭിനയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ഞാന്‍ ഈ വഴി തിരഞ്ഞെടുത്തു. എല്ലാ വിഷയങ്ങളിലും എന്റെ അഭിപ്രായം പ്രകടിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു. എനിക്ക് നിശബ്ദയായി തുടരാമായിരുന്നു. പത്മാവത് ചിത്രത്തിലെ ജോഹര്‍ സീനില്‍ അതൃപ്തി പ്രകടിപ്പിച്ച് എനിക്ക് ഓപ്പണ്‍ ലെറ്റര്‍ എഴുതേണ്ട കാര്യമില്ലായിരുന്നു.”

”എനിക്കെതിരെ നിങ്ങള്‍ക്ക് പരാതികള്‍ ഉണ്ടാകും. നിങ്ങള്‍ക്ക് എന്നെ ഇഷ്ടപ്പെടുകയോ നിരാകരിക്കുകയോ ചെയ്യാം. എന്നാല്‍ എന്നെ വെറുക്കുന്നവര്‍ക്ക് എന്നെ നുണച്ചി എന്നോ വ്യാജ എന്നോ പറയാന്‍ പറ്റില്ല. ഞാന്‍ അല്ലാത്ത ഒരാളായി അഭിനയിക്കുന്നുവെന്ന് പറയാനാവില്ല. എന്റെ അഭിപ്രായങ്ങള്‍ ആളുകളെ മാറ്റുകയൊന്നുമില്ല. പക്ഷെ ഞാന്‍ അത് പ്രകടിപ്പിച്ചില്ലെങ്കില്‍ ശ്വാസംമുട്ടുന്നത് പോലെ തോന്നും” എന്നാണ് സ്വര ഭാസ്‌കര്‍ പറയുന്നത്.