നിലവാരം നിലനിര്‍ത്താനാകാതെ ബോളിവുഡ്, 'ബോംബ്' ആയി ടൈഗര്‍ ഷ്രോഫ്-ബച്ചന്‍ ചിത്രം; കളക്ഷന്‍ ഇങ്ങനെ..

ഷാരൂഖ് ഖാന്‍ നിലനിര്‍ത്തിയ നിലവാരം തുടര്‍ന്നു കൊണ്ടുപോകാനാവാതെ ബോളിവുഡ്. അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍, പ്രഭാസ്, കാര്‍ത്തിക് ആര്യന്‍, അര്‍ജുന്‍ കപൂര്‍ തുടങ്ങിയ മുന്‍നിര താരങ്ങളുടെയെല്ലാം സിനിമകള്‍ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു. ഷാരൂഖ് ഖാന്റെ ‘പഠാന്‍’, ‘ജവാന്‍’ എന്നീ ചിത്രങ്ങള്‍ മാത്രമാണ് സമീപകാലത്തായി മികച്ച കളക്ഷന്‍ നേടി വിജയിച്ചത്.

ഏറെ പ്രതീക്ഷയോടെ എത്തുന്ന ചിത്രങ്ങള്‍ മിക്കതും ഫ്‌ളോപ്പ് ആവുകയാണ്. ടൈഗര്‍ ഷ്രോഫ് ചിത്രം ‘ഗണ്‍പത്’ ആണ് ഫ്‌ളോപ്പ് പടങ്ങളുടെ ലിസ്റ്റില്‍ പുതിയതായി എത്തിയിരിക്കുന്നത്. ഒക്ടോബര്‍ 20ന് റിലീസ് ചെയ്ത ചിത്രം തിയേറ്ററില്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്.

ടൈഗര്‍ ഷ്രോഫും കൃതി സനോനും വീണ്ടും ഒന്നിക്കുന്നു, അമിതാഭ് ബച്ചന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതൊന്നും ചിത്രത്തിന് ഗുണം ചെയ്തില്ല എന്നാണ് വിവരം. 100 കോടിക്ക് മുകളില്‍ നിര്‍മ്മാണ ചിലവ് വന്ന ഗണപത് ആദ്യത്തെ മൂന്ന് നാളുകളില്‍ നേടിയത് 7 കോടിയാണ്.

അതും വാരാന്ത്യത്തിലാണ് എന്നതിനാല്‍ തന്നെ ചിത്രം അടുത്താഴ്ച തികയ്ക്കുമോ എന്ന് സംശയമുണ്ട്. ഇന്ത്യന്‍ ബോക്‌സോഫീസ് കണക്കാണ് ഇത്. ആദ്യദിനത്തില്‍ ചിത്രം 2.5 കോടി നേടി. രണ്ടാം ദിനത്തില്‍ 2.25 കോടിയാണ് നേടിയത്. മൂന്നാം ദിവസവും 2.25 കോടിയാണ് ചിത്രം നേടിയത്.

ഞായറാഴ്ച ചിത്രത്തിന്റെ ഒക്യൂപെന്‍സി 10.57 ശതമാനം ആയിരുന്നു. 2070 എഡിയില്‍ നടക്കുന്ന കഥയാണ് ഗണപത് പറയുന്നത്. ഇന്ത്യന്‍ മിത്തോളജിയും, ഫ്യൂച്ചര്‍ ലോകത്തെ സാങ്കേതിക സാധ്യതകളും ഒന്നിപ്പിച്ചാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്.

Read more

പതിവ് പോലെ ഹൈ ആക്ഷന്‍ സീനുകളാണ് ടൈഗര്‍ ഷ്രോഫ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഗ്രാഫിക്‌സും, തിരക്കഥയും ഒട്ടും നിലവാരത്തിലേക്ക് ഉയര്‍ന്നില്ല എന്ന തരത്തിലാണ് റിവ്യൂകള്‍ വന്നത്. പല ഹോളിവുഡ് സിനിമകളെയും അനുകരിക്കുന്നുണ്ട് എന്ന വിമര്‍ശനങ്ങളും സിനിമയ്‌ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്.