എല്ലാ സ്ത്രീകളും ഒരു പുരുഷനെ മോഹിക്കുന്നുണ്ട്, അത് പുറത്ത് പറയില്ല, ആ ആശയമായിരുന്നു 'അയ്യ' പറഞ്ഞത്, പക്ഷെ: റാണി മുഖര്‍ജി

പൃഥ്വിരാജിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ‘അയ്യ’. റാണി മുഖര്‍ജി നായികയായ ചിത്രം വലിയ വിജയം ആയിരുന്നില്ലെങ്കിലും ചിത്രത്തിന്റെ വ്യത്യസ്തമായ തീം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ചിത്രത്തിലെ ഗ്ലാമര്‍ പ്രദര്‍ശനത്തിന് വിമര്‍ശനങ്ങളും എത്തിയിരുന്നു. ചിത്രം ചെയ്യാനുണ്ടായ കാരണത്തെ കുറിച്ച് ഒരിക്കല്‍ റാണി മുഖര്‍ജി തുറന്നു പറഞ്ഞിരുന്നു.

”എല്ലാ സ്ത്രീകളും ഒരു പുരുഷനെ മോഹിക്കുന്നുണ്ടാകും. അത് പുതിയൊരു കാര്യമല്ല. അക്കാര്യം ആരും തുറന്നു പറയില്ല എന്ന് മാത്രം. യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത കഥാപാത്രങ്ങളെ ഞാന്‍ അവതരിപ്പിക്കാറില്ല. സംവിധായകന്‍ സച്ചിന്‍ കുന്ദല്‍ക്കര്‍ എന്റെ അടുത്ത് വന്ന് ഈ സിനിമയുടെ കഥ പറഞ്ഞു. ബോളിവുഡില്‍ എപ്പോഴും ഒരു സ്ത്രീയെയാണ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന വസ്തുവായി കാണിക്കുക.”

”എന്നാല്‍ ഇവിടെ എന്തുകൊണ്ട് ഒരു പുരുഷനെ മോഹവസ്തു ആക്കിക്കൂടാ? ഒരു സ്ത്രീ എന്തിനാണ് അവരുടെ സങ്കല്‍പ്പങ്ങള്‍ അംഗീകരിക്കുന്നതില്‍ ലജ്ജിക്കേണ്ടത്? ഈ സിനിമയിലൂടെ പൊതുവെയുള്ള ധാരണ മാറ്റണമെന്ന് സംവിധായകന്‍ പറഞ്ഞു. യുവ സംവിധായകര്‍ ഇങ്ങനെയുള്ള സവിശേഷമായ ആശയങ്ങളുമായി വരുമ്പോള്‍ പ്രോത്സാഹിപ്പിക്കേണ്ടത് അഭിനേതാക്കളാണെന്ന് തോന്നി.”

”ഒരു പുരുഷന്റെ സുഗന്ധം കാരണം അയാളെ വശീകരിക്കുന്ന ആ ആശയമാണ് സിനിമ ഏറ്റെടുക്കാന്‍ എന്നെ പ്രേരിപ്പച്ചത്. വളരെ വ്യത്യസ്തമായ അങ്ങനൊരു കാര്യം ഞാന്‍ സങ്കല്‍പ്പിച്ചിട്ടുണ്ട്. ഞാന്‍ ഒരുപാട് റൊമാന്റിക് സിനിമകള്‍ ചെയ്തിട്ടുണ്ട്. പക്ഷെ ഇത്രയും വ്യത്യസ്തമായ ഒരു കഥയുമായി ആരും എന്നെ സമീപിച്ചിട്ടില്ല.”

”സിനിമ കണ്ടാല്‍ ഇത് വളരെ റിയലിസ്റ്റിക് ആയി ആശയമാണെന്ന് നിങ്ങള്‍ക്ക് മനസിലാകും. നമ്മുടെ ദൈനംദിന ജീവിതത്തില്‍ മണം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പക്ഷെ നമ്മള്‍ അതിനെ കുറിച്ച് അധികം ചിന്തിക്കുന്നില്ല. നമ്മുടെ റൂമുകളില്‍ എയര്‍ ഫ്രഷ്‌നറുകള്‍ ഉപയോഗിക്കുന്നത് മുതല്‍ ശരീര ദുര്‍ഗന്ധമുള്ള ആളുടെ അടുത്ത് ഇരിക്കാന്‍ നമ്മള്‍ ആഗ്രഹിക്കാത്തത് വരെ നമുക്ക് ചുറ്റുമുള്ള ഗന്ധങ്ങളെ കുറിച്ച് നന്നായി അറിയാം.”

”അയ്യ അതുപോലെ ഒരു യഥാര്‍ത്ഥ ആശയമാണ്. എന്നാല്‍ ഇത് അല്‍പ്പം വിചിത്രമായി തോന്നി” എന്നായിരുന്നു റാണി മുഖര്‍ജി പറഞ്ഞത്. അതേസമയം, മറാത്തി പെണ്‍കുട്ടിയായ മീനാക്ഷി ദേശ്പാണ്ഡെ എന്ന കഥാപാത്രമായാണ് റാണി ചിത്രത്തില്‍ അഭിനയിച്ചത്. സൂര്യ എന്ന തമിഴന്‍ ആയാണ് പൃഥ്വിരാജ് ചിത്രത്തില്‍ വേഷമിട്ടത്. 2012ല്‍ ആണ് ചിത്രം റിലീസ് ചെയ്തത്.