ടെലിവിഷന്‍ ജേണലിസ്റ്റുകളെ കളിയാക്കുന്നത് മലയാളിക്ക് പുതിയ കാര്യമല്ല, ടൊവിനോയെ സിനിമയ്ക്കായി പരിശീലിപ്പിക്കുകയായിരുന്നു: ആഷിഖ് അബു

ടൊവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നാരദന്‍’ മാര്‍ച്ച് 3ന് തിയേറ്ററുകളില്‍ എത്തുകയാണ്. മാധ്യമപ്രവര്‍ത്തകനായാണ് ടൊവിനോ ചിത്രത്തില്‍ വേഷമിടുന്നത്. ടെലിവിഷന്‍ ജേണലിസം പശ്ചാത്തലമാക്കി മലയാളത്തില്‍ മുമ്പ് വന്ന സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്തമായ ചിത്രമാണ് നാരദന്‍ എന്നാണ് ആഷിഖ് അബു പറയുന്നത്.

ടെലിവിഷന്‍ ജേണലിസ്റ്റുകള്‍ സ്‌കിറ്റ് രൂപത്തിലും മറ്റും ഒരുപാട് ട്രോള്‍ ചെയ്യപ്പെടുകയും വിമര്‍ശിക്കപ്പെടുകയും അനുകരിക്കപ്പെടുകയുമൊക്കെ ചെയ്തിട്ടുണ്ട്. അതൊക്കെ എല്ലാവരും കണ്ടിട്ടുമുണ്ട്. സിനിമ ചെയ്യുമ്പോള്‍ നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി അതേ പോലെ ആകാതിരിക്കണം എന്നതായിരുന്നു.

ടെലിവിഷന്‍ ജേണലിസ്റ്റുകളുടെ രീതിയെയും അവരുടെ ചേഷ്ടകളെയും കളിയാക്കുന്നത് മലയാളിക്ക് പുതിയ കാര്യമൊന്നുമല്ല. അതുകൊണ്ട് അത്തരം കാര്യങ്ങള്‍ വരാതിരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. തന്റെ നാടക ഗുരു കൂടിയായ ദീപന്‍ ശിവരാമനാണ് ടൊവിനോയെ ഈ സിനിമയ്ക്കായി പരിശീലിപ്പിച്ചത്.

ദീപന്‍ സിനിമയില്‍ അഭിനയിച്ചിട്ടുമുണ്ട്. സിനിമ മനുഷ്യ വികാരങ്ങളിലൂടെ കുറച്ചുകൂടി ആഴത്തില്‍ കടന്നുപോകാന്‍ ശ്രമിച്ചിട്ടുണ്ട്. ടെലിവിഷന്‍ ജേണലിസത്തെ കുറിച്ച് ക്രിയാത്മകമായ, ധാര്‍മികമായ വിമര്‍ശനങ്ങള്‍ നാരദനില്‍ കാണാമെന്നും ആഷിഖ് അബു മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മായാനദി, വൈറസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിഖ് അബുവും ടൊവിനോയും ഒന്നിക്കുന്ന ചിത്രമാണ് നാരദന്‍. അന്ന ബെന്നാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് നാരദന്‍. ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.