എലിസബത്ത് ചേച്ചിക്കൊപ്പമുള്ള വീഡിയോ കണ്ടപ്പോള്‍ സന്തോഷമായി, അദ്ദേഹം തിരിച്ചുവരും: അഭിരാമി സുരേഷ്

നടന്‍ ബാലയുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായിരിക്കുകയാണ്. രണ്ട് ദിവസം മുമ്പായിരുന്നു കരള്‍മാറ്റ ശസ്ത്രക്രിയ. നിലവില്‍ താരത്തെ ഐസിയുവിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതിനിടെ താരത്തിന്റെ മുന്‍ഭാര്യ അമൃത സുരേഷിന്റെ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

ബാല ചേട്ടന്‍ പെട്ടെന്ന് സുഖം പ്രാപിക്കാനായി പ്രാര്‍ത്ഥിക്കുന്നവരില്‍ തങ്ങളുമുണ്ടെന്നും ഇപ്പോഴത്തെ ഭാര്യ എലിസബത്ത് ചേച്ചിക്കൊപ്പമുള്ള വീഡിയോ കണ്ടപ്പോള്‍ സന്തോഷമായി എന്നാണ് അഭിരാമി പറയുന്നത്. ”ബാല ചേട്ടന്‍ ആശുപത്രിയില്‍ ആണെന്ന് അറിഞ്ഞ സമയത്ത് തന്നെ അവിടെ എത്തിയിരുന്നു.”

”ചേച്ചി അന്ന് പുലര്‍ച്ചെ ദുബായില്‍ നിന്നും വന്നിട്ടെ ഉണ്ടായിരുന്നുള്ളൂ. ചേച്ചിയും പാപ്പുവും ചേട്ടനെ അകത്ത് കയറി കണ്ടു. കുറേ നേരം സംസാരിച്ചു. കൊച്ചിനെയും കൊണ്ട് ആശുപത്രിയില്‍ നില്‍ക്കണ്ടെന്ന് ഡോക്ടര്‍ പറഞ്ഞത് കൊണ്ടാണ് പാപ്പുവിനെ തിരികെ കൊണ്ടുപോയത്.”

”ചേച്ചിയും അമ്മയും ആശുപത്രിയില്‍ തന്നെ ഉണ്ടായിരുന്നു. ആര്‍ക്കും ഒരു പ്രശ്‌നവും ഉണ്ടാകണമെന്ന് ആഗ്രഹിച്ചിട്ടുള്ള ആളുകളല്ല ഞങ്ങള്‍. ബാല ചേട്ടന്‍ പെട്ടെന്ന് സുഖം പ്രാപിക്കാനായി പ്രാര്‍ത്ഥിക്കുന്നവരില്‍ ഞങ്ങളും ഉണ്ട്. എലിസബത്ത് ചേച്ചിക്കൊപ്പമുള്ള പുതിയ വീഡിയോ കണ്ടപ്പോള്‍ സന്തോഷം തോന്നി.”

Read more

”അദ്ദേഹം തിരിച്ചു വരിക തന്നെ ചെയ്യും. പുള്ളി ഇനിയും അഭിനയിക്കണം. അതിനുള്ള ആരോഗ്യം ദൈവം കൊടുക്കട്ടെ” എന്നാണ് അഭിരാമി സുരേഷ് ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. നിലവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുകയാണ് ബാല.