സാധാരണ സിനിമാ രീതിയില്‍ നിന്നും വ്യത്യസ്തമാണ് ഈ ചിത്രം, എന്റെയും മമ്മൂക്കയുടെയും കഥാപാത്രവും അങ്ങനെ തന്നെ: അശോകന്‍

30 വര്‍ഷത്തിന് ശേഷം മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് നടന്‍ അശോകന്‍. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രത്തിലാണ് അശോകന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ വ്യത്യസ്തമായൊരു വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് എന്നാണ് അശോകന്‍ പറയുന്നത്.

30 വര്‍ഷത്തിനു ശേഷം മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കുന്ന സിനിമയാവുമ്പോള്‍ അതിലൊരു പ്രത്യേകത തന്നെ സംബന്ധിച്ച് സ്വാഭാവികമായിട്ടുമുണ്ട് എന്നാണ് മമ്മൂട്ടി ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അശോകന്‍ പറയുന്നത്. സന്തോഷവും ത്രില്ലുമുണ്ട്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ്.

ചെയ്ത സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്തമായിട്ടുള്ള സിനിമയാണ്. സാധാരണ ഒരു സിനിമാ രീതിയില്‍ നിന്ന് കുറച്ച് വ്യത്യസ്തമായിട്ട് പോകുന്ന സിനിമയാണ്. ഇതിലെ എല്ലാ കഥാപാത്രങ്ങളും അങ്ങനെയാണ്. തന്റെ കഥാപാത്രവും. മമ്മൂക്കയുടെതും വളരെ വ്യത്യസ്തമായ ഒരു വേഷമാണ്.

മമ്മൂക്കയ്‌ക്കൊപ്പം വീണ്ടും ഒന്നിക്കുന്ന സിനിമ അദ്ദേഹത്തിന്റെ സ്വന്തം പ്രൊഡക്ഷന്‍ കൂടിയാണ് എന്നത് സന്തോഷം നല്‍കുന്ന കാര്യമാണ് എന്ന് അശോകന്‍ പറയുന്നു. 1991ല്‍ പുറത്തിറങ്ങിയ അമരത്തിനു ശേഷം അശോകനും മമ്മൂട്ടിയും വീണ്ടും ഒരുമിച്ചെത്തുന്ന ചിത്രമാണിത്.

Read more

തമിഴ്‌നാട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ പളനിയാണ്. തമിഴ് നടി രമ്യ പാണ്ഡ്യന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തിന്റെ കഥ ലിജോയുടേതു തന്നെയാണ്. സഹനിര്‍മ്മാതാവിന്റെ റോളിലും സംവിധായകന്‍ ഉണ്ട്. എസ് ഹരീഷ് ആണ് തിരക്കഥ.