ആ പാട്ട് ഞാനാണ് പാടിയതെന്ന് പലർക്കും ഇപ്പോഴുമറിയില്ല..: അശോകൻ

ഒരിടത്തൊരു ഫയൽവാൻ, യവനിക, മുഖാമുഖം, ഇരകൾ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, മൂന്നാംപക്കം, ഇൻ ഹരിഹർ നഗർ, അമരം തുടങ്ങീ മലയാളത്തിലെ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാവാൻ അവസരം ലഭിച്ച നടനാണ് അശോകൻ. സമീപകാലത്ത് നൻപകൽ നേരത്ത് മയക്കം, പേരില്ലൂർ പ്രീമിയർ ലീഗ്, ജയ് ഗണേഷ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാനും അശോകനായി.

അഭിനേതാവ് എന്നതിലുപരി മികച്ച ഒരു ഗായകനും കൂടിയാണ് അശോകൻ. വികെ പ്രകാശ് സംവിധാനം ചെയ്ത ‘പാലും പഴവും’ എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്ത് സജീവമാവുകയാണ് അശോകൻ. ഇപ്പോഴിതാ തന്റെ പാട്ടുവഴികളെ കുറിച്ച് സംസാരിക്കുകയാണ് താരം. ഓർമ്മവെച്ച കാലം തൊട്ടേ താൻ പാട്ട് പാടുമായിരുന്നുവെന്നാണ് അശോകൻ പറയുന്നത്. ഞാൻ അഭിനയിക്കുന്ന സിനിമയിൽ തന്നെ പാടിക്കൂടെ എന്ന് മമ്മൂക്കാ തന്നോട് ചോദിച്ചിരുന്നുവെന്നും അശോകൻ പറയുന്നു.

“1986-87 ൽ റിലീസായ ‘തൊഴിൽ അല്ലെങ്കിൽ ജയിൽ’ എന്ന ചിത്രത്തിലായിരുന്നു ആദ്യത്തെ പാട്ട്. കെ.ജി. രാജശേഖരനായിരുന്നു സിനിമയുടെ സംവിധാനം. പാട്ടൊരു ക്കുന്നത് അർജുനൻ മാഷ്. എഴുത്ത് കണിയാപുരം രാമചന്ദ്രനും. അന്ന് പാട്ടിൻ്റെ കമ്പോസിങ് മദ്രാസിലാ ണ്. സിനിമയിലെ ഒരു പാട്ടൊഴികെ ബാക്കിയെല്ലാം ദാസേട്ടൻ പാടി. ആ ഒരു പാട്ടിന്റെ കമ്പോസിങ് നടക്കുമ്പോൾ ഞാൻ അർജുനൻ മാഷോട് ചോദിച്ചു.“ഏതെങ്കിലും രണ്ട് വരി ഞാൻ പാടിക്കോട്ടെ?” മാഷ് മുമ്പ് എന്റെ പാട്ടൊന്നും കേട്ടിട്ടില്ല. എങ്കിലും ഓക്കെ പറഞ്ഞു. സംവിധായക നും എതിർത്തില്ല.

ഉണ്ണി മേനോനും അമ്പിളിയുമായിരുന്നു പ്രധാന ഗായകർ. അതിൽ രണ്ട് വരി ഞാനും പാടി. ഭരണി സ്റ്റുഡിയോയിലായിരുന്നു റെക്കോഡിങ്. ‘അലങ്കാര ദീപങ്ങൾ അരഞ്ഞാണം ചാർത്തുമീ ആരാമത്തിൻ രോമാഞ്ചമേ’ എന്നായിരുന്നു ആ വരികൾ. റെക്കോഡ് ചെയ്യുമ്പോൾ രാത്രി പന്ത്രണ്ട് മണിയായിട്ടുണ്ടാവും. അർജുനൻ മാഷ് ഓക്കെ പറഞ്ഞു. അതോടെ എനിക്ക് ശ്വാസം വന്നു. ‘പൂനിലാവ്’ എന്ന സിനിമയിലായിരുന്നു അടുത്തപാട്ട്. ആ സിനിമയിൽ “ആകാശപ്പറവകൾ പോലെ’ എന്ന രു പാട്ട് പാടി. എൻ.പി. പ്രഭാകരൻ ആയിരുന്നു സംഗീതം. ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി വരികളെഴുതി. പക്ഷേ, പാട്ട് അത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഞാനാണ് പാടിയതെന്ന് പലർക്കും ഇപ്പോഴും അറിയില്ല,

നീയൊരു ഗായകനല്ലേ, നീയെന്താ സിനിമയിൽ പാടാത്തത് എന്ന് പലരും ചോദിക്കും. പക്ഷേ, ഞാൻ ആരോടും അവസരം ചോദിക്കാറില്ല. ഒന്നിലും ഇടിച്ചുകയറാൻ താത്പര്യ മില്ല. എൻ്റെ സ്വഭാവം അങ്ങനെയല്ല. ഞാൻ പാട്ടുകാരനാണെന്ന് എല്ലാ വർക്കും അറിയാം. എങ്കിൽപ്പിന്നെ ഇങ്ങോട്ട് വിളിച്ചൂടെ എന്ന് വിചാരി ക്കും. പക്ഷേ, ആരും വിളിച്ചില്ല. ‘നീ അഭിനയിക്കുന്ന സിനിമയിൽ നിനക്ക് പാടിക്കൂടെ’ എന്ന് മമ്മൂക്ക ഇടയ്ക്ക് ചോദിക്കും.

‘യവനിക’ സിനിമയുടെ സമയത്ത് ലൊക്കേഷനിൽ എല്ലാ സംഗീതോപകരണങ്ങളുമു ണ്ട്. അതെടുത്ത് നെടുമുടി വേണു ചേട്ടനും, ഭരത് ഗോപി ചേട്ടനും, മമ്മൂക്കയും ഞാനും ചേർന്ന് പാടും. ഈ പാട്ടൊക്കെയാണ് മമ്മൂക്കയുടെ ആ ചോദ്യത്തിന് പിന്നിൽ. ഒരിക്കൽ എം.ജി. രാധാകൃഷ്ണനും എന്നോട് ഇങ്ങനെ പറഞ്ഞിട്ടുണ്ട്. പക്ഷേ, ഞാൻ അഭിനയിക്കുന്ന സിനിമയിൽ ആരോടും അവസരം ചോദിച്ചിട്ടില്ല. തന്നില്ലെങ്കിൽ നാണക്കേടല്ലേ എന്ന് ചിന്തിക്കും. ഇപ്പോഴാണ് പിന്നെയും ചോദിക്കാനുള്ള ധൈര്യം വന്നത്.

‘പാലും പഴവും’ സിനിമയുടെ ലൊക്കേഷനിൽ വെച്ച് ഞാനും വി.കെ. പ്രകാശും സംസാരിക്കുകയായിരുന്നു. സംസാരത്തിനിടെ സിനിമയിലെ പാട്ടും വിഷയമായി. അഞ്ച് പാട്ടുണ്ടെന്ന് പറഞ്ഞു. ആരൊക്കെയാ പാടുന്നത് എന്ന് ചോദിച്ചപ്പോൾ രണ്ട് പാട്ട് തീരുമാനിച്ചുവെന്ന് മറുപടി കിട്ടി. ഉടനെ ‘ഒരു പാട്ട് നിങ്ങൾക്ക് പാടിക്കൂടെ’ എന്ന് വി.കെ.പി തന്നെ ചോദിച്ചു.

ഞാൻ അങ്ങോട്ട് ചോദിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു വി.കെ.പി ഇത് പറഞ്ഞത്. ഞാൻ ഓക്കെ പറഞ്ഞു. ജസ്റ്റിനും ഉദയും ചേർന്നാണ് സംഗീതം. നിധീഷ് നടേരി വരികളെഴുതി. സിനിമയിൽ പാടി അഭിനയിക്കുന്നതും ഞാൻ തന്നെയാണ്. ‘പാട്ടിനൊപ്പം കൂട്ടുമായി പോകുന്നേ മേഘജാലം’ എന്നാണ് പാട്ടിന്റെ തുടക്കം. ആളുകൾ ഈ പാട്ട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഞാൻ.” എന്നാണ് സ്റ്റാർ ആന്റ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ അശോകൻ പറഞ്ഞത്.

Read more