വരാപ്പുഴ മുട്ടിനകത്ത് പടക്ക നിര്‍മാണശാലയിലെ സ്‌ഫോടന സ്ഥലത്ത് നിന്നും താന്‍ രക്ഷപ്പെട്ടത് മിനിറ്റുകളുടെ വ്യത്യാസത്തിലാണെന്ന് നടന്‍ ധര്‍മജന്‍. കാര്‍പ്പന്ററി വര്‍ക്കറായ സുഹൃത്തിനെ തേടിയാണ് ധര്‍മജന്‍ സ്ഥലത്ത് എത്തിയത്. അവിടെ നിന്നു സംസാരിച്ചു മടങ്ങി ഏതാനും മിനിറ്റുകള്‍ക്കകമായിരുന്നു സ്‌ഫോടനം.
”ഞങ്ങള്‍ എപ്പോഴും ഇരുന്ന് വര്‍ത്തമാനം പറയുന്ന വീട്. അത് തകര്‍ന്നു തരിപ്പണമായി. എന്റെ വളരെയടുത്ത സുഹൃത്തിന്റെ ചേട്ടനും അനിയനും ചേര്‍ന്ന് നടത്തുന്ന കടയാണ് സ്ഫോടനത്തില്‍ തകര്‍ന്നത്. ഞങ്ങള്‍ എപ്പോഴും വന്നിരിക്കുന്ന സ്ഥലമാണ്. രണ്ട് മിനിറ്റിന്റെ വ്യത്യാസത്തിലാണ് ഞാന്‍ രക്ഷപ്പെട്ടത്.”
”ഇവിടുള്ള വെടിക്കെട്ടുകള്‍ എല്ലാം നടത്തുന്ന ആള്‍ക്കാരാണ് ഇവര്‍. ലൈസന്‍സ് ഉള്ളവരാണ്. പക്ഷേ, ഇത്രയും ഇടുങ്ങിയ ഒരു സ്ഥലത്ത് പ്രവര്‍ത്തിക്കുന്നു എന്നതാണ് പ്രശ്നം. അവര്‍ ഇവിടെ നിന്നും മാറാന്‍ ഇരിക്കുകയായിരുന്നു. പാലക്കാട്ടേയ്ക്ക് മാറാന്‍ ഇരുന്ന സമയത്താണ് ദുരന്തം ഉണ്ടായത്” എന്നാണ് ധര്‍മജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
അതേസമയം, പടക്ക സംഭരണശാല പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. മൂന്നു കുട്ടികളടക്കം ഏഴു പേര്‍ക്ക് പരിക്കേറ്റു. പടക്കശാലയുടെ ഉടമയായ വരാപ്പുഴ മുട്ടിനകം ഈരയില്‍ ആന്‍സണിന്റെ സഹോദരന്‍ ഡേവിസ് (51) ആണ് മരിച്ചത്. പൂര്‍ണമായും കത്തിക്കരിഞ്ഞ മൃതദേഹം ശാസ്ത്രീയ പരിശോധനകള്‍ കഴിഞ്ഞാണ് ഡേവിസിന്റേതാണെന്ന് സ്ഥിരീകരിച്ചത്. സ്ഫോടനം നടക്കുമ്പോള്‍ ഡേവിസ് കെട്ടിടത്തിന് അകത്തുണ്ടായിരുന്നു.
Read more
ആന്‍സണിന്റെ മകന്‍ ജെന്‍സണ്‍ (38), പടക്കശാലയുടെ തൊട്ടടുത്ത വീട്ടിലെ തുണ്ടത്തില്‍ ബിജുവിന്റെ ഭാര്യ ഫ്രഡീന (30), മക്കളായ ഇസബെല്ല (8), എസ്തര്‍ (7), എല്‍സ (5), മുട്ടിനകം കൂരന്‍ വീട്ടില്‍ കെ.ജെ. മത്തായി (69), മകന്‍ അനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആസ്റ്റര്‍ മെഡ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ജെന്‍സണിന്റെ നില ഗുരുതരമാണ്.