'ബിലാലിനൊപ്പം അഭിനയിക്കാന്‍ അതീവആഗ്രഹം, ഒഡീഷന് വേണമെങ്കിലും പോകാം' - ദുല്‍ഖര്‍ സല്‍മാന്‍

ബിലാല്‍  ചിത്രത്തില്‍  അഭിനയിക്കാന്‍ തനിക്കും ആഗ്രഹമുണ്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍.
ബിലാലില്‍ അഭിനയിക്കാന്‍ ഞാന്‍ ഓഡീഷനിലൊക്കെ പോയി നില്‍ക്കാം എനിക്ക് അത്ര ആഗ്രഹമുണ്ട്. ഷാര്‍ജയില്‍ നടന്ന  ഏഷ്യാവിഷന്‍ 2017  അവാര്‍ഡ്ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.

ബിലാലില്‍ ദുല്‍ഖര്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത സത്യമാണോയെന്ന് അവാര്‍ഡ്ദാന ചടങ്ങില്‍ വേദിയിലെത്തിയ ദുല്‍ഖറിനോട് അവതാരകന്‍ ചോദിച്ചു.

“അതിനെക്കുറിച്ച് അമല്‍ നീരദ് തന്നെ വ്യക്തമാക്കിയെന്ന് തോന്നുന്നു. പക്ഷെ എനിക്കും ആഗ്രഹമുണ്ട്. ഞാനും ഓഡീഷനൊക്കെപ്പോയി നില്‍ക്കാം എനിക്ക് അത്ര ആഗ്രഹമുണ്ട്”. ദുല്‍ഖര്‍ പറഞ്ഞു.

ബിഗ്ബി ചിത്രത്തിന്റെ കാര്യങ്ങള്‍ പറഞ്ഞ് വാചാലനായ ദുല്‍ഖര്‍ അതിലെ പശ്ചാത്തല സംഗീതം വളരെ ഇഷ്ടമാണെന്ന് പറഞ്ഞ് ആ ഈണം മൂളുകയും ചെയ്ത് ആരാധകരെ ആവേശംകൊള്ളിച്ചു.

“എന്റെ ദുബായ് ജീവിതവുമായി വലിയ ബന്ധമുള്ള സിനിമയാണ് ബിഗ്ബി. വര്‍ക്കിനായി ദുബായിലെത്തിയ സമയം,എല്ലാ വീക്കെന്‍ഡും കാണുന്ന സിനിമയായിരുന്നു ബിഗ് ബി. നാട് മിസ് ചെയ്യുമ്പോഴും വാപ്പച്ചിയെ മിസ് ചെയ്യുമ്പോഴും ഈ സിനിമ കാണുമായിരുന്നു. ആണ്‍കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് ആസ്വദിച്ച് കാണാവുന്ന സിനിമയാണത്. അതിന്റെ ബാക്ക്ഗ്രൗണ്ട് സ്‌കോറു പോലും നമ്മുടെ ലൈഫിന്റേത് പോലെയാണ്. പാര്‍ട്ട് രണ്ടും മുന്നുമൊക്കെ വന്നാലും ബിഗ് ബിയിലെ കഥാപാത്രങ്ങള്‍ എന്നും നിലനില്‍ക്കും ദുല്‍ഖര്‍ പറഞ്ഞു.

Read more

അമല്‍ നീരദ് 2007ല്‍ സംവിധാനം ചെയ്ത ബിഗ്ബിയുടെ രണ്ടാംഭാഗം വരുന്നുവെന്ന വാര്‍ത്ത ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. അല്‍ഫോന്‍സ് സംഗീതം നല്‍കിയ ചിത്രത്തിന് ഗോപീ സുന്ദറാണ് പശ്ചാത്തല സംഗീതം ഒരുക്കിയത്.ദുല്‍ഖര്‍ ബിഗ്ബി രണ്ടാം ഭാഗത്തില്‍ എത്തുമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.