അല്ലു അർജുന് അവാർഡ് ലഭിച്ചതിൽ സന്തോഷം, ജയ് ഭീമിന് വേണ്ടി പോസ്റ്റിട്ടത് മറ്റൊരു തരത്തിൽ: നാനി

ദേശീയ ചലച്ചിത്ര പുരസ്കാരവുമായി ബന്ധപ്പെട്ട് ‘ജയ് ഭീം’ എന്ന സിനിമയ്ക്ക് അംഗീകാരങ്ങൾ ഒന്നും തന്നെ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് തെലുങ്ക് സൂപ്പർ താരം നാനി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറി വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

തെലുങ്ക് സിനിമകൾക്ക് ഇത്തരം അംഗീകാരം ലഭിച്ചിട്ടും എന്തുകൊണ്ടാണ് നാനി അതിനെ പറ്റി ഒന്നും പറയാത്തത് എന്ന തരത്തിലായിരുന്നു തെലുങ്ക് സിനിമ പ്രേമികൾ നാനിയെ വിമർശിച്ചത്. ഇപ്പോഴിതാ ഈ വിവാദത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നാനി.

“ദേശീയ അവാര്‍ഡില്‍ നിന്ന് തെലുങ്ക് സിനിമയ്ക്ക് ലഭിച്ച നേട്ടത്തില്‍ എനിക്ക് അഭിമാനവും സന്തോഷവുമുണ്ട്. ‘ആര്‍ആര്‍ആര്‍’, ‘പുഷ്പ’ എന്നിവയ്ക്ക് പുരസ്‌ക്കാരം ഉണ്ടായിരുന്നു എന്റെ സഹോദരന്‍ ബണ്ണിക്ക് (അല്ലു അര്‍ജുന്‍) ആദ്യ ദേശീയ അവാര്‍ഡ് ലഭിച്ചു. തെലുങ്ക് സിനിമ നേടിയ ഏറ്റവും കൂടുതല്‍ ദേശീയ അവാര്‍ഡുകള്‍ ആയിരുന്നു അത്. ഞാന്‍ അതീവ സന്തോഷവാനായിരുന്നു. അതില്‍ ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു.

‘ജയ് ഭീം’ കണ്ടപ്പോള്‍, ഞാന്‍ കണ്ട ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണിതെന്നും ഞാന്‍ ട്വീറ്റ് ചെയ്തിരുന്നു. ഒരു വിഭാഗത്തില്‍ പോലും അവാര്‍ഡൊന്നും കിട്ടാതെ വന്നപ്പോളാണ് ജയ് ഭീമിന് വേണ്ടി പോസ്റ്റിട്ടത്. ഏതെങ്കിലും ചില വിഭാഗത്തിലെങ്കിലും സിനിമ പുരസ്‌ക്കാരം അര്‍ഹിച്ചിരുന്നു. എനിക്ക് ‘ജയ് ഭീം’ ഇഷ്ടമായിരുന്നു, അവാര്‍ഡ് നേടിയിരുന്നെങ്കില്‍ ആ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും പ്രോത്സാഹനമാകുമായിരുന്നു.” എന്നാണ് ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ നാനി പ്രതികരിച്ചത്.