ഞാൻ ദൃക്സാക്ഷിയാണ്, ആസിഫ് അലിയുടെ ആ ചിരിയിൽ ഉരുകി ഇല്ലാതെയായത് അല്പത്തം കാട്ടിയ പണ്ഡിറ്റ് ജിയോടുള്ള ബഹുമാനം; പ്രതികരണവുമായി ശ്രീകാന്ത് മുരളി

എംടിയുടെ കഥകളെ ആസ്പദമാക്കി ഒരുക്കുന്ന ‘മനോരഥങ്ങൾ’ എന്ന ആന്തോളജി ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിനിടെ നടൻ ആസിഫ് അലിയിൽ നിന്നും മൊമന്റോ വാങ്ങാൻ രമേഷ് നാരായൺ വിസമ്മതിച്ചതും താരത്തെ അപമാനിച്ചതും വലിയ വിവാദം സൃഷ്ടിച്ചിരുന്നു. നിരവധി പേരാണ് ആസിഫ് അലിക്ക് പിന്തുണയുമായി എത്തിയത്. അതേസമയം രമേശ് നാരായണനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും ഉയർന്നുവരുന്നുണ്ട്.

ഇപ്പോഴിതാ രമേശ് നാരായണനെതിരെ നടൻ ശ്രീകാന്ത് മുരളി രംഗത്തെത്തിയിരിക്കുകയാണ്. ഇന്നലെ നടന്ന സംഭവത്തിന് താൻ ദൃക്സാക്ഷിയാണെന്നും, ആസിഫ് അലിയുടെ ആ ചിരിയിൽ ഇല്ലാതെയായത് തനിക്ക് രമേശ് നാരായണനോടുള്ള ബഹുമാനമാണെന്നാണ് ശ്രീകാന്ത് മുരളി പ്രതികരിച്ചത്.

“ഞാൻ ദൃ‌ക്സാക്ഷിയാണ്. അത് താങ്ങാവുന്നതിന്നും അപ്പുറമായിരുന്നു. ആസിഫ് അലിയുടെ സ്വതസിദ്ധമായ ചിരിയിൽ ഉരുകി ഇല്ലാതായത് പണ്ഡിറ്റ്‌ ജിയോട് എനിയ്ക്കുണ്ടായിരുന്ന ബഹുമാനമാണ്. എം ടി എന്ന ഇതിഹാസത്തിന്റെ മനസ്സിൽ വിരിഞ്ഞ കഥാപാത്രങ്ങളെ അഭ്രപാളിയിലേയ്ക്ക് സന്നിവേശിപ്പിച്ച ധാരാളം കലാകാരന്മാരുടെ മുന്നിൽ ഈ അല്പത്തം കാട്ടിയ രമേശ്‌ നാരായണൻ എന്ന മുതിർന്ന സംഗീതജ്ഞനോട് സഹതാപം മാത്രം.

അതേസമയം ആസിഫ് അലിയുടെ പക്വമായ ഇടപെടലിന് നിരവധി പേരാണ് കയ്യടിക്കുന്നത്. ഇത്തരമൊരു വലിയ അപമാനം ഒരു ചെറുപുഞ്ചിരിയോടെ നേരിട്ട ആസിഫിനോടുള്ള സ്നേഹം ഇന്നത്തെ ദിവസത്തോടുകൂടി വർദ്ധിച്ചുവെന്നാണ് സോഷ്യൽ മീഡിയയിൽ മലയാളികൾ ഒന്നടങ്കം പറയുന്നത്. എന്നാൽ ആസിഫ് അലി തനിക്ക് ആണോ അതോ താൻ ആസിഫ് അലിക്ക് ആണോ മൊമന്റോ നൽകേണ്ടത് എന്ന് മനസിലായില്ല, അതുകൊണ്ടാണ് ജയരാജിനെ വിളിച്ച് അത് സ്വീകരിച്ചതെന്നും, ആസിഫ് അലിയെ അപമാനിച്ചില്ലെന്നുമാണ് രമേശ് നാരായണൻ പറയുന്നത്.

Read more

മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരനും തിരക്കഥാകൃത്തും സംവിധായകനുമായ എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി, മലയാളത്തിലെ മുൻനിര സംവിധായകർ ഒരുക്കുന്ന ആന്തോളജി ചിത്രം ‘മനോരഥങ്ങൾ’ ഓണത്തിനാണ് സീ 5-ലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രങ്ങളുടെ ട്രെയ്‌ലർ റിലീസ് എംടിയുടെ ജന്മദിനമായ ഇന്നലെ പുറത്തുവിട്ടു. കമൽ ഹാസനാണ് ട്രെയ്‌ലർ ലോഞ്ച് ചെയ്തത്.