കത്തികാട്ടി അയാള്‍ ഭീഷണിപ്പെടുത്തി, ഏതൊക്കെയോ പേപ്പറുകളില്‍ എന്നെ ഒപ്പിടീപ്പിച്ചു.. പക്ഷെ കേസ് എനിക്ക് അനുകൂലമായി: അഞ്ജലി നായര്‍

തമിഴ് സിനിമാ സെറ്റില്‍ നടന്ന ദുരനുഭവം നടി അഞ്ജലി നായര്‍ തുറന്നു പറഞ്ഞത് ചര്‍ച്ചയായിരുന്നു. ആദ്യ തമിഴ് സിനിമയിലെ വില്ലന്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയതും അയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചതുമായിരുന്നു അഞ്ജലി വെളിപ്പെടുത്തിയത്. ഈ വിഷയത്തില്‍ വീണ്ടും പ്രതികരിച്ചിരിക്കുകയാണ് അഞ്ജലി ഇപ്പോള്‍. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജലി സംസാരിച്ചത്.

ഉന്നയേ കാതലിപ്പേന്‍ എന്ന സിനിമയുടെ പ്രൊഡ്യൂസര്‍ തന്നെയായിരുന്നു വില്ലനായി അഭിനയിച്ചത്. സിനിമ നടക്കുമ്പോള്‍ തന്നെ അയാള്‍ വിവാഹാഭ്യര്‍ഥന നടത്തി. നോ പറഞ്ഞെങ്കിലും മറ്റു സെറ്റുകളില്‍ വന്നു ശല്യപ്പെടുത്താന്‍ തുടങ്ങി. ഒരിക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ എന്റെ ബാഗ് എടുത്തു കൊണ്ടുപോയി. പിന്നാലെ ചെന്നപ്പോള്‍ വാതിലില്‍ നിന്നു തള്ളിയിടാന്‍ നോക്കി.

അങ്ങനെയൊരു ദിവസം അയാളുടെ സഹോദരി വിളിച്ചു, അമ്മ സുഖമില്ലാതെ കിടക്കുകയാണ്, അഞ്ജലിയെ ഒന്ന് കാണണം, വീട്ടിലേക്കു വരാമോ? അയാള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പോയിരിക്കുകയാണ്, പേടിക്കേണ്ട എന്നും ഉറപ്പ് നല്‍കി. സിനിമാ ലൊക്കേഷനില്‍ നിന്ന് ഹോട്ടലിലേക്ക് പോകും വഴിയാണ് വീട്ടില്‍ ചെന്നത്. അമ്മ കിടക്കുന്ന മുറിയിലേക്ക് കയറിയതും ആരോ പുറത്തു നിന്നും വാതില്‍ പൂട്ടി, അകത്ത് അയാള്‍ മാത്രം.

കത്തികാട്ടി ഭീഷണിപ്പെടുത്തി ഏതൊക്കെയോ പേപ്പറുകളില്‍ ഒപ്പിടിച്ചു. അയാള്‍ പറയുന്ന വാചകങ്ങള്‍ ചേര്‍ത്ത് പ്രേമലേഖനവും എഴുതിച്ചു. എങ്ങനെയോ രക്ഷപ്പെട്ടാണ് പുറത്തു വന്നത്. പിന്നെയാണ് അറിഞ്ഞത് അയാളുടെ അടുത്ത സിനിമയില്‍ നായികയാകാമെന്ന കരാറിലാണ് ഒപ്പിടീച്ചതെന്ന്. അഭിനയിക്കില്ല എന്ന് പറഞ്ഞപ്പോള്‍ ആ തെളിവുകള്‍ വച്ച് കേസ് കൊടുത്തു.

പ്രേമലേഖനമൊക്കെ തെളിവായി വക്കീല്‍ കൊണ്ടുവന്നപ്പോള്‍ ഞാന്‍ ഒരു കാര്യമേ ചോദിച്ചുള്ളു, ഇത്ര വൃത്തികെട്ട കയ്യക്ഷരത്തില്‍, വിറച്ചുവിറച്ച് ഏതെങ്കിലും കാമുകി പ്രണയലേഖനം എഴുതുമോ? കേസ് എനിക്ക് അനുകൂലമായി, പിന്നെ അയാളെ കണ്ടിട്ടേയില്ല. മലയാളത്തില്‍ ഇതുവരെ ദുരനുഭവങ്ങളൊന്നും ഇല്ല. നാളെ ഒന്നും സംഭവിക്കാതിരിക്കാനായി മുന്‍കരുതലെല്ലാം എടുക്കാറുമുണ്ട്.

ഹോട്ടല്‍ റൂമിന്റെ ലോക്ക് കൃത്യമായി പൂട്ടാനാകുന്നുണ്ടോ എന്നതൊക്കെ. സിനിമയിലെ മാത്രമല്ല, എല്ലാ പെണ്‍കുട്ടികളുടെയും ആശങ്കയാണ്. ആരെങ്കിലും മുട്ടുമ്പോള്‍ വാതില്‍ തുറക്കേണ്ടി വന്നാല്‍ സുഹൃത്തിനെയോ അമ്മയെയോ ഒക്കെ വീഡിയോ കോളില്‍ നിര്‍ത്തുക പോലുള്ള ടിപ്സ് എപ്പോഴും ചെയ്യാറുണ്ട് എന്നാണ് അഞ്ജലി നായര്‍ പറയുന്നത്.