IPL 2025: ഇക്കാര്യം സംഭവിച്ചാല്‍ ഐപിഎല്‍ കാണുന്നത് എല്ലാവരും നിര്‍ത്തും, അവര്‍ ഞങ്ങളുടെ ലീഗ് കാണാന്‍ തുടങ്ങും, വെല്ലുവിളിച്ച് പാക് താരം

ഐപിഎല്‍ 2025 സീസണ്‍ ശ്രദ്ധേയ മത്സരങ്ങള്‍ കൊണ്ട് ക്രിക്കറ്റ് ആരാധകര്‍ക്ക് മികച്ച കാഴ്ചവിരുന്നാണ് സമ്മാനിക്കുന്നത്. കൂറ്റനടികള്‍ കൊണ്ട് ബാറ്റര്‍മാര്‍ കളം നിറയുമ്പോള്‍ വിക്കറ്റുകള്‍ തുടര്‍ച്ചയായി വീഴ്ത്തി ബോളര്‍മാരും കയ്യടി നേടുന്നു. നാല്- അഞ്ച് മത്സരങ്ങള്‍ ഇതിനോടകം മിക്ക ടീമുകളും കളിച്ചുകഴിഞ്ഞു. ഡല്‍ഹി ക്യാപിറ്റല്‍സ് കളിച്ച എല്ലാ മത്സരവും വിജയിച്ച് നിലവില്‍ പോയിന്റ് ടേബിളില്‍ ഒന്നാമതാണ്. ഗുജറാത്തും ആര്‍സിബിയും ടേബിളില്‍ തൊട്ടുതാഴെ തന്നെയുണ്ട്. സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍ നാലില്‍ രണ്ട് ജയവും രണ്ട് തോല്‍വിയുമായി എഴാം സ്ഥാനത്താണ്. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തുടങ്ങിയ ടീമുകള്‍ പതിവുപോലെ അവസാന സ്ഥാനക്കാരായി തുടരുന്നു.

എന്തായാലും ഇനി വരാനിരിക്കുന്ന മത്സരങ്ങള്‍ കുറച്ചുകൂടി ചൂടുപിടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതേസമയം ഐപിഎലിനെ കളിയാക്കികൊണ്ടുളള പാകിസ്ഥാന്‍ താരത്തിന്റെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. പാകിസ്ഥാന്‍ താരം ഹസന്‍ അലിയാണ് പിഎസ്എല്ലിനെ പൊക്കിപറഞ്ഞ് ഐപിഎല്ലിനെ താഴ്ത്തികെട്ടി രംഗത്തെത്തിയത്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാര്‍ മികച്ച പെര്‍ഫോമന്‍സുകള്‍ കാഴ്ചവയ്ക്കുവാണെങ്കില്‍ എല്ലാവരും ഐപിഎല്‍ കാണുന്നത് നിര്‍ത്തി പിഎസ്എല്‍ കാണുമെന്നാണ് ഹസന്‍ അലി പറയുന്നത്. പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ അന്താരാഷ്ട്ര തലത്തിലെ തിരക്കുകള്‍കൊണ്ട് പിഎസ് എല്‍ ഇത്തവണ ഐപിഎല്‍ സമയമായ എപ്രില്‍-മെയ് മാസത്തിലാണ് നടക്കുന്നത്.

ലോകത്തിലെ തന്നെ എറ്റവും മികച്ച ടി20 ടൂര്‍ണമെന്റാണ് ഐപിഎല്‍. എന്നാല്‍ ബാറ്റര്‍മാരില്‍ നിന്നും ബോളര്‍മാരില്‍ നിന്നും മികച്ച പ്രകടനങ്ങള്‍ വന്നാല്‍ ഈ ക്ലാഷില്‍ പിഎസ്എല്‍ വിജയിക്കുമെന്നാണ് ഹസന്‍ അലി പറയുന്നത്. നല്ല ക്രിക്കറ്റും വിനോദവും ഉളള ടൂര്‍ണമെന്റ് ആരാധകര്‍ കാണുന്നു. പിഎസ്എല്ലില്‍ ഞങ്ങള്‍ നന്നായി കളിച്ചാല്‍ കാഴ്ചക്കാര്‍ ഐപിഎല്‍ വിട്ട് ഞങ്ങളെ കാണാന്‍ വരും, പിഎസ്എല്‍ തുടങ്ങുന്നതിന് മുന്‍പായി പാക് താരം പറഞ്ഞു.

Read more