ആണവ പദ്ധതിയെക്കുറിച്ച് അമേരിക്കയും ഇറാനും തമ്മിലുള്ള “നേരിട്ടുള്ള ചർച്ചകൾ” ശനിയാഴ്ച ഒമാനിൽ ആരംഭിക്കുമെന്ന ഡൊണാൾഡ് ട്രംപിന്റെ വെളിപ്പെടുത്തലിൽ തിരുത്തുമായി ഇറാൻ. ചർച്ചകൾ പരോക്ഷമായ രീതിയിലായിരിക്കുമെന്നാണ് ഇറാൻ വാദിക്കുന്നത്. അതേമസയം ചർച്ച നടത്തുന്നവരുടെ ഉദ്ദേശ്യങ്ങളാണ് ഫോർമാറ്റിനേക്കാൾ പ്രധാനമെന്നും ഇറാൻ കൂട്ടിച്ചേർത്തു.
ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാൻ “വലിയ അപകടത്തിലാകുമെന്ന്” ട്രംപ് തിങ്കളാഴ്ച ടെഹ്‌റാനെ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് സമീപ ആഴ്ചകളിൽ മിഡിൽ ഈസ്റ്റിലുടനീളം അഭൂതപൂർവമായ യുഎസ് സൈനിക വിന്യാസം ഉണ്ടായിട്ടുണ്ട്. ചർച്ചകൾ പരസ്യമാക്കാനുള്ള ട്രംപിന്റെ തീരുമാനം ഇറാനെ അടിയന്തിരമായി ചർച്ചകൾക്ക് സമ്മർദ്ദം ചെലുത്താൻ വേണ്ടി രൂപകൽപ്പന ചെയ്തതാണെന്ന് നിരീക്ഷകർ ചൂണ്ടികാണിക്കുന്നു.
ട്രംപിന്റെ മിഡിൽ ഈസ്റ്റിലേക്കുള്ള പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ് ആയിരിക്കും ചർച്ചകളിൽ പങ്കെടുക്കുന്ന യുഎസ് പ്രതിനിധി സംഘത്തെ നയിക്കുന്നത്. ഉക്രെയ്ൻ യുദ്ധത്തെക്കുറിച്ച് റഷ്യയുമായി ചർച്ചകളിൽ അദ്ദേഹം പങ്കാളിയായിരുന്നു. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് ഇറാന്റെ പക്ഷത്ത് നിന്ന് ചർച്ചയിൽ പങ്കെടുക്കുക. ഇസ്രായേലിനും ഹമാസിനും ഇടയിലും റഷ്യയ്ക്കും ഉക്രെയ്നും ഇടയിലും സമാധാനം സ്ഥാപിക്കാനുള്ള വിറ്റ്കോഫിന്റെ ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടിരുന്നു.
Read more
അമേരിക്കയുമായി പരോക്ഷ ചർച്ചകൾക്ക് തയ്യാറാണെന്ന് പറഞ്ഞുകൊണ്ട് ഇറാൻ പരസ്യമായി ചർച്ചകൾ നിർത്തുകയായിരുന്നു. എന്നാൽ ചർച്ചകൾ മുന്നോട്ട് പോകുമോ എന്നതിനെക്കുറിച്ച് യുഎസിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല. വാരാന്ത്യ ചർച്ചകൾ നടത്താൻ ട്രംപ് ഓവൽ ഓഫീസ് പത്രസമ്മേളനം ഉപയോഗിച്ച് കരാർ വെളിപ്പെടുത്തിയതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷം എക്‌സിൽ പുറത്തിറക്കിയ ഒരു പോസ്റ്റിൽ, ചർച്ചകളെ ഒരു അവസരവും പരീക്ഷണവുമാണെന്ന് അരഘ്ചി വിശേഷിപ്പിച്ചു. പന്ത് യുഎസിന്റെ കോർട്ടിലാണെന്ന് അദ്ദേഹം തറപ്പിച്ചു പറയുകയും ചെയ്തു.