മഞ്ജു ചേച്ചിയുടെ ഫോട്ടോഷൂട്ടുകള്‍ ഇത് തന്നെയാണ് പറയുന്നത്, എന്നാല്‍ ഒരു മാധ്യമം തന്നെ ഫോട്ടോഷൂട്ടിന്റെ പേരില്‍ അപമാനിക്കാന്‍ ശ്രമിച്ചത് പരിതാപകരം: ഫറ ഷിബ്‌ല

കക്ഷി അമ്മിണിപിള്ള എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടിയാണ് ഫറ ഷിബ്‌ല. തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗ് അതിക്രമങ്ങള്‍ക്കെതിരെ താരം രംഗത്തെത്തിയിരുന്നു. തന്റെ ബോള്‍ഡ് ചിത്രങ്ങളും ഫറ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഫോട്ടോഷൂട്ടുകള്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും എന്നാണ് ഫറ ഇടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ഫോട്ടോഗ്രാഫിയുടെ സൗന്ദര്യത്തിലാണ് താന്‍ വിശ്വസിക്കുന്നത്. ഓരോ ചിത്രവും മനോഹരമായൊരു പെയ്ന്റിംഗ് പോലെ ആയിരിക്കണം. ഫോട്ടോഷൂട്ടുകള്‍ നിസ്സംശയമായും നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഒരു കലാകാരി എന്നതിന്റെ ഏറ്റവും വലിയ സൗന്ദര്യം എന്നത് സ്വാതന്ത്ര്യമാണ്. മഞ്ജു ചേച്ചിയുടെ ഫോട്ടോകളും ഇത് തന്നെയാണ് പറയുന്നതെന്ന് തനിക്ക് തോന്നാറുണ്ട്.

ശ്രിന്ദയുടെ ഫോട്ടോഷൂട്ടുകളും തനിക്ക് ഇഷ്ടമാണ്. അവള്‍ വളരെ ആര്‍ട്ടിസ്റ്റിക് ആണ്. ‘നിങ്ങളുടെ ശരീരം തുറന്ന് കാണിക്കുന്നത് തന്നെ ഒരു കലയാണ്. ഞങ്ങള്‍ ഫോട്ടോഷൂട്ടുകള്‍ ചെയ്യുന്നത് അവസരം കിട്ടാനല്ല’ എന്ന് സാനിയ അയ്യപ്പന്‍ ഈയടുത്ത് പറഞ്ഞത് തനിക്ക് ഇഷ്ടമായി. ഫോട്ടോഷൂട്ടുകള്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.

സ്ലീവ് ലെസ് വസ്ത്രം ധരിക്കുന്നതില്‍ പോലും ആശങ്കയുണ്ടായിരുന്ന വ്യക്തിയായിരുന്നു താന്‍. കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗുകള്‍ കാരണമായിരുന്നു. പക്ഷെ പതിയെ അതിനെ മറികടന്നു. ഓരോ ഫോട്ടോഷൂട്ടിലൂടേയും ഒരു ബെഞ്ച് മാര്‍ക്ക് മറി കടക്കുകയാണെന്നാണ് കരുതുന്നത്. ഫോട്ടോഷൂട്ടുകളുടെ അനന്തര ഫലം കാണാന്‍ ഒരുപാട് ഇഷ്ടമാണ്.

അത് ഒരുപാട് സന്തോഷം തരുന്നു. എന്ത് ധരിക്കണമെന്നോ ഫോട്ടോഷൂട്ട് എങ്ങനെയായിരിക്കണമെന്നോ തീരുമാനിക്കുന്നത് കാഴ്ചക്കാരല്ല. അതെല്ലാം നിങ്ങളുടെ ഇഷ്ടമാണ്. മറ്റുള്ളവര്‍ക്ക് അതിലൊന്നുമില്ല. അതേസമയം ഒരു മാധ്യമം തന്നെ താരങ്ങളെ തങ്ങളുടെ ഫോട്ടോഷൂട്ടിന്റെ പേരില്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നത് പരിതാപകരമാണെന്നും ഫറ പറഞ്ഞു.

Read more

ബോഡി പോസിറ്റിവിറ്റിയെ കുറിച്ച് സംസാരിക്കാന്‍ നമ്മളൊക്കെ ശ്രമിക്കുന്ന സമയത്ത്, ഇത്തരം സംഭവങ്ങള്‍ സമൂഹത്തെ പിന്നോട്ട് നയിക്കുന്നതാണ്. ഒരു മാധ്യമ സ്ഥാപനം തന്നെ ഇത്തരം ആശയങ്ങള്‍ ഉയര്‍ത്തി കാണിക്കുമ്പോള്‍ ഒരുപാട് സാധാരണക്കാര്‍ അത് വിശ്വസിക്കുകയും ജീവിതത്തില്‍ ആവര്‍ത്തിക്കുകയും ചെയ്യും എന്നാണ് ഫറ പറയുന്നത്.