ട്രെയിനില്‍ നിന്നും പുറത്തേക്ക് ചാടാന്‍ തോന്നി, അന്ന് വിവാഹിതയായി കുട്ടികളുമായി കഴിയേണ്ടി വരുമെന്ന് ഭയപ്പെട്ടു: ദുല്‍ഖര്‍ സല്‍മാന്റെ നായിക പറയുന്നു

തനിക്ക് പലപ്പോഴും ആത്മഹത്യ ചെയ്യാന്‍ തോന്നിയിട്ടുണ്ടെന്ന് ബോളിവുഡ് നടി മൃണാള്‍ ഠാക്കൂര്‍. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ലഫ്റ്റനന്റ് രാം എന്ന സിനിമയിലെ നായികയാണ് മൃണാള്‍. മിക്കപ്പോഴും ട്രെയ്‌നില്‍ നിന്ന് പുറത്തേക്ക് ചാടിയാലോ എന്ന് ആലോചിക്കാറുണ്ടെന്നും മൃണാള്‍ പറയുന്നു. സിനിമയില്‍ നിന്നും നേരിട്ട അവഗണനകളെ കുറിച്ചാണ് നടി പറയുന്നത്.

താന്‍ കരിയര്‍ തുടങ്ങിയ സമയത്ത് പലപ്പോഴും തന്നോട് മോശമായി പെരുമാറുകയും അവഗണിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അന്നൊക്കെ വീട്ടില്‍ വന്ന് കരയുമായിരുന്നു. വളരെ ചെറിയ പ്രായത്തില്‍ തന്നില്‍ ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നു. ഒരുപാട് ഉത്തരവാദിത്വങ്ങള്‍ ഉണ്ടായിരുന്നു.

ഈ ഉത്തരവാദിത്വങ്ങള്‍ നന്നായി ചെയ്തില്ലെങ്കില്‍ താന്‍ ഒരിടത്തും എത്തില്ലെന്ന് കരുതിയിരുന്നു. 23ാം വയസില്‍ വിവാഹിതയായി കുട്ടികളുമൊക്കെയായി കഴിയേണ്ടി വരുമെന്ന് കരുതി. എന്നാല്‍ അന്ന് സത്യത്തില്‍ അങ്ങനെ ചെയ്യാന്‍ തനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല.

കരിയറില്‍ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ താല്‍പര്യപ്പെട്ടു. തുടര്‍ന്ന് ഓഡിഷനുകള്‍ക്ക് പോയി തുടങ്ങി. എന്നാല്‍ പലപ്പോഴും താന്‍ ഒന്നിനും കൊള്ളാത്തവളാണെന്ന ചിന്ത അലട്ടിയിരുന്നു. 15 മുതല്‍ 20 വയസ് വരെയുള്ള പ്രായം ഓരോരുത്തരും തങ്ങളെ കണ്ടെത്തുന്ന സമയമാണ്.

ജീവിതത്തില്‍ ആര് ആയിത്തീരണമെന്ന് ആഗ്രഹിച്ചവര്‍ക്ക് ആ ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞില്ലെങ്കില്‍ ചിലപ്പോള്‍ ആത്മഹത്യ ചെയ്യാന്‍ തോന്നിയേക്കും. താന്‍ മിക്കപ്പോഴും ട്രെയ്‌നില്‍ യാത്ര ചെയ്യുമായിരുന്നു. ട്രെയ്‌നിന്റെ വാതിലിനോട് ചേര്‍ന്നായിരുന്നു പതിവായി നില്‍ക്കുക.

പലപ്പോഴും അവിടെ നിന്ന് പുറത്തേക്ക് ചാടാന്‍ തോന്നുമായിരുന്നു എന്നാണ് മൃണാള്‍ പറയുന്നത്. ജേഴ്‌സി ആണ് മൃണാളിന്റെതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. പിപ്പ, ഗുമ്ര എന്നിവയാണ് മൃണാളിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.