ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടികള്‍ നടത്തിയ ലൈംഗികാതിക്രമ ആരോപണങ്ങള്‍ വെറും ഷോയാണെന്ന് നടി ശാരദ. ലൈംഗികാതിക്രമം എല്ലാ കാലത്തും സിനിമയില്‍ ഉണ്ടായിരുന്നതായുമാണ് കമ്മിറ്റിയംഗം കൂടിയായ ശാരദ പറയുന്നത്.
തന്റെ കാലത്ത് ആളുകള്‍ മൗനം പാലിച്ചു. അഭിമാനത്തെ കരുതിയും ഭയം കാരണവും അന്ന് ആ വിവരം പുറത്തു പറഞ്ഞിരുന്നില്ല. വിദ്യാഭ്യാസമുള്ള ഇന്നത്തെ തലമുറയ്ക്ക് ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ ധൈര്യമുണ്ടായി. എന്നാല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇപ്പോള്‍ വരുന്ന വെളിപ്പെടുത്തലുകള്‍ ഷോയാണ്.
എല്ലാവരും ഇപ്പോള്‍ ചിന്തിക്കേണ്ടത് വയനാടിനെ കുറിച്ചാണ് എന്നാണ് ശാരദ പറയുന്നത്. അതേസമയം, അഞ്ചാറ് വര്‍ഷം മുമ്പ് നടന്ന തെളിവെടുപ്പിനെ കുറിച്ചും റിപ്പോര്‍ട്ടില്‍ താന്‍ എഴുതിയ കാര്യങ്ങളെ കുറിച്ചും ഓര്‍മയില്ലെന്നും നടി പറയുന്നുണ്ട്.
റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിലൂടെ ജോലി ഇല്ലാത്തവര്‍ക്ക് ഒരു ജോലി ആവും. താന്‍ സിനിമ വിട്ടിട്ട് 15 വര്‍ഷമായെന്നും ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ ഒന്നും അറിയില്ലെന്നും ശാരദ പറഞ്ഞു. റിപ്പോര്‍ട്ടിനെ കുറിച്ച് എല്ലാം ജസ്റ്റിസ് ഹേമ പറയട്ടെ എന്നും ശാരദ പറയുന്നുണ്ട്.
നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് ഡബ്ല്യുസിസിയുടെ ആവശ്യം പരിഗണിച്ചാണ് 2017 നവംബര്‍ 16ന് സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റി രൂപീകരിച്ചത്. ഓഗസ്റ്റ് 19ന് ആണ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത്.