തള്ളിമറിച്ച് ‘എമ്പുരാന്‍’ സിനിമയെ നശിപ്പിക്കരുതെന്ന് സംവിധായകന്‍ അഖില്‍ മാരാര്‍. ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവയ്ക്കവെയാണ് അഖില്‍ മാരാരുടെ പരാമര്‍ശം. ”തള്ളി തള്ളി എമ്പുരാനെ നശിപ്പിക്കരുത്, കുഞ്ഞാലിമരക്കാര്‍ സിനിമയുടെ അവസ്ഥ ഉണ്ടാവരുത്, ആ ചിത്രത്തിന് ഓവര്‍ ഹൈപ്പ് ആയിരുന്നു” എന്നാണ് അഖില്‍ മാരാര്‍ പറയുന്നത്.
നാഷണല്‍ അവാര്‍ഡ് നേടിയ ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ വന്‍ ഹൈപ്പോടെ തിയേറ്ററില്‍ എത്തിയ ചിത്രമായിരുന്നു. എന്നാല്‍ 2021ല്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് കടുത്ത വിമര്‍ശനങ്ങളാണ് ലഭിച്ചത്. ബോക്‌സ് ഓഫീസിലും വലിയ മുന്നേറ്റമുണ്ടാക്കാന്‍ സിനിമയ്ക്ക് സാധിച്ചിരുന്നില്ല. 100 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രത്തിന് തിയേറ്ററില്‍ നിന്നും 50 കോടി രൂപ നേടാന്‍ പോലും സാധിച്ചിരുന്നില്ല.
അതേസമയം, ലോകം മുഴുവനുള്ള സിനിമാ പ്രേമികള്‍ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്‌മാണ്ഡ റിലീസിനാണ് സിനിമാപ്രേമികള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ചിത്രത്തിന്റെ ഓള്‍ ഇന്ത്യ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് മാര്‍ച്ച് 21 ന് രാവിലെ 9 മണിക്കാണ് ആരംഭിച്ചത്.
ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ തന്നെ 645ഗ ടിക്കറ്റുകള്‍ ആണ് ബുക്ക് മൈ ഷോ എന്ന ആപ്ലിക്കേഷന്‍ വഴി മാത്രം ഇന്ത്യയില്‍ വിറ്റഴിഞ്ഞത്. ഇത് ഇന്ത്യന്‍ സിനിമയിലെ തന്നെ പുതിയ റെക്കോഡ് ആണ്. 24 മണിക്കൂറില്‍ ഒരു ഇന്ത്യന്‍ ചിത്രത്തിന് ഇത്രയധികം ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയിലൂടെ വിറ്റ് പോകുന്നത് ഇതാദ്യമായാണ്.
Read more
ഇന്ത്യന്‍ സിനിമയിലെ മറ്റ് ബിഗ് ബജറ്റ് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളുടെയെല്ലാം റെക്കോഡുകള്‍ ഇതിലൂടെ എമ്പുരാന്‍ ഭേദിച്ചു. ബുക്കിംഗ് ട്രെന്‍ഡിംഗില്‍ ഒരു മണിക്കൂറില്‍ ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകള്‍ വിറ്റും ചിത്രം ഇന്നലെ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ലൈക പ്രൊഡക്ഷന്‍സ്, ആശിര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.