അജിത്ത് സാറുമായി ഒരു കൂടിക്കാഴ്ച തരപ്പെടുത്താമോ എന്ന് ചോദിച്ചിട്ട് എട്ട് വര്‍ഷമായി, ഒന്നിച്ച് സിനിമ ചെയ്യും: അല്‍ഫോന്‍സ് പുത്രന്‍

വയസാകുന്നതിന് മുമ്പ് അജിത്തിനെ കാണാന്‍ കഴിഞ്ഞാല്‍ നല്ലൊരു സിനിമ ചെയ്യുമെന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. ‘തലയുടെ കൂടെ ഒരു സിനിമ ചെയ്യൂ തലൈവ’ എന്ന ആരാധകന്റെ കമന്റിന് സോഷ്യല്‍ മീഡിയയില്‍ മറുപടി നല്‍കിക്കൊണ്ടാണ് അല്‍ഫോണ്‍സ് പുത്രന്‍ സംസാരിച്ചത്.

”അജിത്ത് കുമാര്‍ സാറിനെ ഇതുവരെ പരിചയപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ഒരിക്കല്‍ അദ്ദേഹം നിവിനെ വിളിച്ച് പ്രേമം കൊള്ളാമെന്നും അതിലെ കോളേജ് ഇന്‍ട്രോയും കലിപ്പ് പാട്ടും ഇഷ്ടമായെന്ന് പറഞ്ഞിരുന്നു. അതിന് ശേഷം ഒരു 10 തവണയെങ്കിലും അദ്ദേഹത്തിന്റെ മാനേജറോട് അജിത്ത് സാറുമായി ഒരു കൂടിക്കാഴ്ച തരപ്പെടുത്താമോ എന്ന് ചോദിച്ചിട്ടുണ്ട്.”

”ഇപ്പൊ എട്ട് വര്‍ഷം കഴിഞ്ഞു. വയസാകും മുന്നേ അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞാല്‍ ഒരു നല്ല പടം ചെയ്യും. ഓരോ തവണയും നിങ്ങള്‍ ഈ ചോദ്യം ചോദിക്കുമ്പോള്‍ ഒരുപാട് വേദനിക്കും. നിങ്ങള്‍ ചോദിക്കുമ്പോള്‍ ആദ്യം എനിക്ക് ദേഷ്യം വരും, പിന്നെ നിങ്ങളും എന്നെ പോലൊരു അജിത്ത് ആരാധകനാണ് എന്ന് ഓര്‍ക്കുമ്പോള്‍ കാണാത്ത പോലെ പോകും.”

”അജിത്ത് സാറിനൊപ്പം ഒരു സിനിമ ചെയ്താല്‍ അത് 100 ദിവസം ഓടുമെന്നും ഹോളിവുഡില്‍ വരെ പ്രദര്‍ശിപ്പിക്കുമെന്നും ഞാന്‍ ഉറപ്പ് നല്‍കുന്നു” എന്നാണ് അല്‍ഫോന്‍സ് പുത്രന്റെ മറുപടി. രജനികാന്ത്, കമല്‍ ഹാസന്‍, വിജയ് എന്നിവര്‍ക്കൊപ്പം സിനിമ ചെയ്യാനുളള തന്റെ ആഗ്രഹവും അല്‍ഫോന്‍സ് പുത്രന്‍ പങ്കുവച്ചിട്ടുണ്ട്.

Read more