സൈനു, അത് വളരെ മനോഹരമായ ഒരു അനുഭവം; ആട് ജീവിതത്തെക്കുറിച്ച് അമല പോള്‍

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ‘ആടുജീവിതം. ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ചും അതിലെ തന്റെ കഥാപാത്രമായ സൈനുവിനെ കുറിച്ചും ‘ടീച്ചര്‍’ ന്റെ പ്രസ്സ് മീറ്റില്‍ വെച്ച് അമല പോള്‍ നടത്തിയ പരാമര്‍ശമാണ് വൈറലാകുന്നത്. ‘ആടുജീവിത’ത്തിലെ സൈനു എന്ന കഥാപാത്രത്തിലേക്ക് എങ്ങനെയാണ് അമല എത്തിപ്പെട്ടതെന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞുകൊണ്ടാണ് അമല ‘ആടുജീവിതത്തെ കുറിച്ച് സംസാരിച്ചത്.

അമല പോളിന്റെ വാക്കുകള്‍ ഇങ്ങനെ: ”എനിക്ക് വളരെ ഇഷ്ടമുള്ള സംവിധായകനാണ് ബ്ലെസ്സി. ‘ആടുജീവിതം’ത്തിലേക്ക് എന്നെ വിളിക്കുന്നത് ബ്ലെസിയേട്ടനാണ്. ബെന്യാമിന്റെ ‘ആടുജീവിതം’ വായിച്ചപ്പോള്‍ എനിക്കതിഷ്ടപ്പെട്ടിരുന്നു. 80കളിലെ ഒരു മുസ്ലീം പെണ്‍കുട്ടിയാണ് സൈനു. സൈനു എനിക്ക് വളരെ മനോഹരമായ അനുഭവമായിരുന്നു. എന്റെ ഭാഗങ്ങളെല്ലാം ചിത്രീകരിച്ച് കഴിഞ്ഞു.”

ത്രില്ലര്‍ ചിത്രങ്ങള്‍ ചെയ്ത് എനിക്ക് മടുത്തു എന്നും ത്രില്ലര്‍ അല്ലാത്ത മറ്റൊരു ജോര്‍ണര്‍ ഞാന്‍ അന്വേക്ഷിക്കുന്നുണ്ടെന്നും പറഞ്ഞ അമലയോട് മമ്മുട്ടിയുടെ ‘ക്രിസ്റ്റഫര്‍’ എന്ന ചിത്രത്തെ കുറിച്ചും ചോദ്യച്ചപ്പോള്‍ താന്‍ ഒരു മമ്മുക്ക ആരാധികയാണെന്നും മമ്മുക്കയോടൊപ്പമുളള തന്റെ ആദ്യ ചിത്രമാണ് ‘ക്രിസ്റ്റഫര്‍’ എന്നുമാണ് അമല മറുപടി പറഞ്ഞത്. ചിത്രത്തിന്റെ ജോണര്‍ ഇപ്പോള്‍ എനിക്ക് വെളിപ്പെടുത്താന്‍ പറ്റില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥിരാജ് അവതരിപ്പിക്കുന്നത്.