അന്നും ഇന്നും സിനിമയില്‍ മാറ്റമില്ലാത്തത് അത് മാത്രം, എത്ര പരാതിപ്പെട്ടിട്ടും കാര്യമില്ല, തുറന്ന് പറഞ്ഞ് അംബിക

ബാലതാരമായി സിനിമയില്‍ എത്തിയ നടി അംബിക 150 ഓളം മലയാള സിനിമയും അത്രതന്നെ തെന്നിന്ത്യന്‍ ഭാഷാചിത്രളിലും അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ഹാസന്‍ , രജനികാന്ത്, ചിരഞ്ജീവി എന്നിങ്ങനെ ഒട്ടുമിക്ക തെന്നിന്ത്യന്‍ മുന്‍നിര താരങ്ങളുടെയും നായികയായി തിളങ്ങിയിട്ടുണ്ട്. ഇപ്പോഴും സിനിമയില്‍ സജീവമാണ് നടി.

ഇപ്പോഴിത സിനിമയില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് വാചാലയാവുകയാണ് അംബിക. ‘സിനിമയില്‍ മാറ്റങ്ങളുണ്ട്, മാറ്റമില്ലായ്മകളുമുണ്ട് എന്നാല്‍ അന്നും ഇന്നും സിനിമ എന്ന് പറയുന്നത് നായകന് പ്രാധാന്യമുള്ളതാണെന്നാണ് നടി പറയുന്നത്. മാധ്യമം ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ ഇപ്പോഴത്തെ ന്യൂജെന്‍ താരങ്ങള്‍ ഭാഗ്യമുള്ളവരാണെന്നും പറയുന്നുണ്ട്.

ഞാന്‍ സജീവമായി അഭിനയിച്ചുകൊണ്ടിരുന്ന 1997കളില്‍, ഞാന്‍ എന്നല്ല അക്കാലത്തെ എല്ലാവരും വളരെ കഷ്ടപ്പെട്ട് സ്ട്രഗിള്‍ ചെയ്താണ് അഭിനയരംഗത്തെത്തിയത്. ഇപ്പോഴുള്ളവര്‍ സ്ട്രഗിള്‍ ചെയ്യുന്നില്ല എന്ന് പറയുന്നില്ല. എന്നാല്‍, ഇപ്പോള്‍ ന്യൂ ജനറേഷനിലുള്ള പകുതിയില്‍ കൂടുതല്‍ ആള്‍ക്കാരും ഒരുപാട് കഷ്ടപ്പെടാതെ പാരമ്പര്യമായി വന്നവരാണ്. അവരുടെ അച്ഛന്റെയോ അമ്മയുടെയോയത്ര അവര്‍ക്ക് കഷ്ടപ്പെടേണ്ടി വരുന്നില്ല. പിന്നെ അവര്‍ക്ക് വരുന്ന പുതിയ സ്ട്രഗിള്‍ അഭിനയം അച്ഛന്റെ അല്ലെങ്കില്‍ അമ്മയുടെയത്ര പോര എന്ന താരതമ്യമാണ്. അത്തരത്തിലുള്ള താരതമ്യം പാടില്ല. ആ കുട്ടിയുടെ മനസ്സില്‍ അതൊരു വല്ലാത്ത സംഘര്‍ഷമുണ്ടാക്കുമെന്ന് അംബിക പറയുന്നു.

അന്നു സ്ത്രീ കഥാപാത്രങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യമുള്ള സിനിമകള്‍ ഉണ്ടായിരുന്നുവെന്നും അംബിക പറയുന്നുണ്ട്. അന്ന് നൂറില്‍ 40 സിനിമകള്‍ സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ളവ ആയിരുന്നെങ്കില്‍ ഇന്ന് അത് നൂറില്‍ അഞ്ചു സിനിമകളായി ചുരുങ്ങി. അന്നും ഇന്നും എന്നും സിനിമയില്‍ നായകന് തന്നെയാണ് പ്രാധാന്യം. അവരാണ് എല്ലാം. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നൊക്കെ പറയുന്നതല്ലാതെ എന്നും സിനിമയെ നിയന്ത്രിക്കുന്നത് നായകന്‍മാര്‍ തന്നെയായിരിക്കും. എല്ലാവര്‍ക്കും അറിയാവുന്ന, സ്വീകരിക്കപ്പെട്ട ഒരു സത്യമാണ് അത്. അംബിക വ്യക്തമാക്കി.