ചുരുക്കം ചില വേഷങ്ങൾ കൊണ്ട് പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് അഞ്ജു കുര്യൻ. ഞാൻ പ്രകാശൻ, കവി ഉദ്ദേശിച്ചത്, മേപ്പടിയാൻ, അബ്രാഹാം ഓസ്ലർ തുടങ്ങീ മികച്ച സിനിമകളുടെ ഭാഗമായ അഞ്ജു കുര്യൻ മോഡലിംഗ് രംഗത്തും സജീവമാണ്.
ഇപ്പോഴിതാ മുഖക്കുരു കാരണം തനിക്ക് നഷ്ടമായ അവസരങ്ങളെ പറ്റിയും മറ്റും സംസാരിക്കുകയാണ് അഞ്ജു കുര്യൻ. മേപ്പടിയാൻ എന്ന ചിത്രത്തിൽ അവസരം ലഭിച്ചത് മുഖക്കുരു ഉണ്ടായതുകൊണ്ടാണെന്നാണ് അഞ്ജു കുര്യൻ പറയുന്നത്.
“ലോക്ക്ഡൗണ്‍ കഴിഞ്ഞ് ഞാന്‍ ആദ്യം യാത്ര ചെയ്തത് വയനാട്ടിലേക്കായിരുന്നു. ആ സമയത്താണ് മേപ്പടിയാനിലേക്ക് വിളിച്ചത്. അവരെന്നെ വിളിച്ച് ആദ്യം ചോദിച്ചത് മുഖക്കുരു ഉണ്ടോ എന്നാണ്. ഉണ്ട് കുഴപ്പമാണോ? എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. അല്ലല്ല, അതാണ് വേണ്ടത് എന്നായിരുന്നു മറുപടി. ഞാന്‍ പ്രകാശനിലെ ശ്രുതിയും കാഴ്ചയില്‍ നമ്മുടേതായ കുറവുകളെ എല്ലാം ഉള്‍ക്കൊള്ളുന്ന കഥാപാത്രമായിരുന്നു. മുഖക്കുരു കാരണം പരിഗണിച്ച രണ്ട് സിനിമകളായിരുന്നു ഇത് രണ്ടും. കരിയറിന്റെ തുടക്കത്തില്‍ ഇതേ കാരണം കൊണ്ട് എനിക്ക് അവസരങ്ങള്‍ നഷ്ടമായിട്ടുണ്ട്
ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. പല സിനിമകളുടേയും ഓഡിഷനു പോയപ്പോള്‍ സൗന്ദര്യമില്ലെന്ന് പറഞ്ഞ് പിന്തള്ളപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞാന്‍ പ്രകാശന്‍ എന്ന സിനിമയുടെ ഓഡിഷനു പോകുമ്പോള്‍ എന്തായാലും കിട്ടില്ലെന്നു മനസ്സില്‍ ഉറപ്പിച്ചാണു പോകുന്നത്. പുതിയ ആളുകളുടെ സിനിമയില്‍ പോലും അവസരം കിട്ടുന്നില്ല. പിന്നെങ്ങനെ ഇത്രയും വലിയൊരു ടീമിലേക്ക് എന്നെ എടുക്കും എന്നൊക്കെ കരുതി. അവസാനത്തെ ശ്രമം എന്ന് മനസ്സില്‍ ഉറപ്പിച്ചാണ് പോയത്. ഇതുകൂടി കിട്ടിയില്ലെങ്കില്‍ പഠിച്ച പണിക്ക് പോകാം എന്നായിരുന്നു മനസ്സില്‍.
വീട്ടുകാരാണ് എന്റെ ഏറ്റവും വലിയ പിന്തുണ. പഠിത്തം കഴിഞ്ഞ സമയത്ത് ഞാന്‍ ചെന്നൈയില്‍ തന്നെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കു കയറിയിരുന്നു. ജോലിയോടൊപ്പം സിനിമ കൊണ്ടു പോകാനായിരുന്നു ആദ്യം അവര്‍ പറഞ്ഞത്. പക്ഷെ ജോലി വേണ്ടെന്നു വച്ചപ്പോഴും അവര്‍ ഒപ്പം നിന്നു. ഇപ്പോഴും എന്റെ സിനിമ അനൗണ്‍സ് ചെയ്യുകയോ ഞാന്‍ അഭിനയിച്ച ഒരു പരസ്യം വരികയോ ചെയ്താല്‍ അച്ഛനാണ് എല്ലാവര്‍ക്കും അത് അയച്ചു കൊടുക്കുന്നത്.” എന്നാണ് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ അഞ്ജു കുര്യൻ പറഞ്ഞത്.