മോഹന്‍ലാലുമായി ചര്‍ച്ച ചെയ്യുന്നുണ്ട്; സ്വപ്‌ന സിനിമയെ കുറിച്ച് അര്‍ജുന്‍

മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാന്‍ തനിക്ക് പദ്ധതിയുണ്ടെന്ന് നടന്‍ അര്‍ജുന്‍ സര്‍ജ. ഏറെ നാളുകളായി ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയാണെന്നും അര്‍ജുന്‍ പറഞ്ഞു. ധ്രുവ സര്‍ജ നായകനായി എത്തുന്ന ‘മാര്‍ട്ടിന്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ചിനിടെ ആയിരുന്നു നടന്റെ പ്രതികരണം.

ഏറെ നാളുകളായി ഇതിനെ കുറിച്ച് മോഹന്‍ലാലുമായി ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നാല്‍ ഈ സിനിമ ഉടനെ ഉണ്ടാകില്ല എന്നാണ് തന്റെ സ്വപ്‌ന ചിത്രത്തെ കുറിച്ച് അര്‍ജുന്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തില്‍ അര്‍ജുന്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചിരുന്നു.

അനന്ദന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അര്‍ജുന്‍ അവതരിപ്പിച്ചത്. 12 സിനിമകള്‍ അര്‍ജുന്‍ സംവിധാനം ചെയ്തിട്ടുണ്ട്. തന്റെ പതിമൂന്നാമത്തെ ചിത്രമാകും മോഹന്‍ലാലിനെ നായകനാക്കി ഒരുക്കാന്‍ താരം പ്ലാന്‍ ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Read more

അതേസമയം, ലിജോ ജോസ് പെല്ലിശേരിക്കൊപ്പം ‘മലൈകോട്ടൈ വാലിബന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. രാജസ്ഥാനിലെ ജയ്‌സാല്‍മീറിലാണ് ഷൂട്ടിംഗ് നടക്കുന്നത്. ചിത്രത്തില്‍ ഒരു ഗുസ്തിക്കാരന്റെ വേഷത്തിലാകും മോഹന്‍ലാല്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.