ശത്രുക്കളായി ജനിച്ചവരല്ല, ധനുഷിനോട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നു, പക്ഷെ സഹികെട്ടാല്‍ എന്ത് ചെയ്യും: നയന്‍താര

നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയെ തുടര്‍ന്നുണ്ടായ നയന്‍താര- ധനുഷ് വിവാദം തെന്നിന്ത്യന്‍ ചലച്ചിത്ര മേഖലയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരുന്നു. ധനുഷ് നിര്‍മ്മിച്ച ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിലെ ദൃശ്യങ്ങള്‍ നയന്‍താരയുടെ ജീവിതത്തെ കുറിച്ചുള്ള നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. പിന്നാലെ ധനുഷിന് തുറന്ന കത്തും നയന്‍താര സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ വീണ്ടും വ്യക്തത വരുത്തുകയാണ് നയന്‍താര. ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലാണ് നയന്‍താര ഇതിനെ കുറിച്ച് സംസാരിച്ചത്. തങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. ധനുഷിനെ ബന്ധപ്പെടാനും ശ്രമിച്ചിരുന്നു. പക്ഷെ സാധിച്ചില്ലെന്നും നയന്‍താര പറയുന്നുണ്ട്.

നയന്‍താരയുടെ വാക്കുകള്‍:

ഡോക്യുമെന്ററിക്ക് സ്വീകാര്യത കിട്ടിയതില്‍ ഞാന്‍ സന്തോഷവതിയാണ്. വിവാദങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി ഇറക്കിയ ഡോക്യുമെന്ററിയായിരുന്നില്ല. പക്ഷേ, അതു സംഭവിച്ചുപോയി. വിവാദങ്ങള്‍ നിരന്തരമുണ്ടാകുന്നതിനാല്‍ ഞാന്‍ ഇപ്പോള്‍ അതിനോട് പൊരുത്തപ്പെട്ടു കഴിഞ്ഞു. 20 വര്‍ഷമായില്ലേ. രണ്ടാഴ്ച കൊണ്ട് 50 ലക്ഷം ആളുകള്‍ ഡോക്യുമെന്ററി കണ്ടു. പൊതുവെ ഡോക്യുമെന്ററികള്‍ക്ക് ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ ലഭിക്കാറില്ല. പത്ത് പേരിലേക്ക് എത്തിയാല്‍ പോലും ഞാന്‍ വളരെ ഹാപ്പിയാണ്. അതുകൊണ്ട് തന്നെ ഇത്രയും വ്യൂവര്‍ഷിപ്പ് എനിക്കൊരു ബോണസാണ്. എന്റെ ഒരു സിനിമയ്ക്ക് പോലും ഇത്രയധികം പ്രതികരണം ലഭിച്ചിട്ടില്ല.

വിവാദങ്ങളെ കുറിച്ച് സംസാരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നതല്ല. പക്ഷേ, ചോദിച്ചതുകൊണ്ട് എന്താണ് ശരിക്കും സംഭവിച്ചതെന്ന് ഞാന്‍ പറയുകയാണ്. ഡോക്യുമെന്ററിയുടെ റിലീസ് അടുത്തിരിക്കുന്ന സമയത്ത് ഇങ്ങനെയൊരു പ്രസ്താവന ഇറക്കണമെന്നൊന്നും കരുതിയിരുന്നില്ല. പക്ഷേ, ആ സമയത്താണ് ഞങ്ങള്‍ക്ക് വക്കീല്‍ നോട്ടിസ് ലഭിക്കുന്നത്. അതിലെ കാര്യങ്ങള്‍ വിശദമായി മനസിലാക്കാന്‍ തന്നെ രണ്ട് മൂന്ന് ദിവസം എടുത്തു. എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യം ചെയ്യാന്‍ ഞാന്‍ ആരെയും ഭയക്കേണ്ടതില്ലല്ലോ. ഞാന്‍ ചെയ്യുന്നത് തെറ്റാണെങ്കില്‍ അല്ലേ ഭയപ്പെടേണ്ടതുള്ളു. പബ്ലിസിറ്റിക്ക് വേണ്ടി ആരുടെയും ഇമേജിനെ കരിവാരിപ്പൂശേണ്ട ആവശ്യം എനിക്കില്ല. ഞങ്ങളെ പിന്തുണച്ച പലരും ധനുഷിന്റെ ആരാധകരും ആയിരുന്നു. പലരും പറയുന്നത് കേട്ടു, ഡോക്യുമെന്ററിക്ക് വേണ്ടിയുള്ള പിആര്‍ ആയിരുന്നു വിവാദമെന്ന്. ഞങ്ങളുടേത് സിനിമയല്ലല്ലോ ഡോക്യുമെന്ററി അല്ലേ. ഇത് ഹിറ്റോ ഫ്‌ലോപ്പോ ആകുന്നില്ല. അതൊന്നുമല്ല ഇതിന് കാരണം.

ഞാന്‍ തുറന്ന് സംസാരിച്ചതുകൊണ്ടാണ് വിവാദമായത്. പരസ്യമായി പറയാതെ ധനുഷിനെ പേഴ്‌സണലി കോണ്‍ടാക്ട് ചെയ്ത് സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. സുഹൃത്തുക്കള്‍ വഴി സംസാരിക്കാനും ശ്രമിച്ചിരുന്നു. എന്താണ് യഥാര്‍ഥ പ്രശ്‌നം എന്നറിയണമായിരുന്നു. പക്ഷേ ഒന്നും പ്രതീക്ഷിച്ചത് പോലെ വര്‍ക്കൗട്ടായില്ല. പിന്നീട് ആ ക്ലിപ്പുകള്‍ ഉപയോഗിക്കേണ്ടെന്ന തീരുമാനത്തില്‍ ഞങ്ങളെത്തി. ശരിയാണ്, അദ്ദേഹത്തിന് ഞങ്ങള്‍ക്ക് എന്‍ഓസി നല്‍കേണ്ട കാര്യമില്ല. കാരണം അത് അദ്ദേഹം നിര്‍മ്മിച്ച സിനിമയാണ്. അതില്‍ ഞങ്ങള്‍ക്കൊരു പ്രശ്‌നവുമില്ല. പക്ഷേ, ആ സിനിമയിലെ ക്ലിപ്പിനേക്കാള്‍ ഉപരി സിനിമയില്‍ വിഘ്‌നേഷ് എഴുതിയ നാല് വരികള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തണമെന്നുണ്ടായിരുന്നു. അതിനുള്ള അനുവാദം കിട്ടാന്‍ വേണ്ടിയാണ് ഞങ്ങള്‍ കിണഞ്ഞു ശ്രമിച്ചത്. കാരണം ആ നാല് വരികള്‍ ഞങ്ങളുടെ ജീവിതവുമായും പ്രണയവുമായും കുഞ്ഞുങ്ങളുമായും എല്ലാം വളരെ അധികം ബന്ധപ്പെട്ടു കിടക്കുന്നതാണ്.

ആരെയും വിളിച്ച് സഹായം ചോദിച്ച് അവര്‍ക്കൊരു ബാധ്യതയായി മാറാന്‍ ഒരിക്കലും എനിക്ക് താല്‍പര്യമില്ല. അങ്ങനെ ചെയ്യാത്തയാളുമാണ് ഞാന്‍. പക്ഷേ, ഇത് അത്രത്തോളം പ്രധാനപ്പെട്ടതായതുകൊണ്ടാണ് ഇത്രയും പ്രയത്‌നിച്ചത്. അദ്ദേഹം ആദ്യമേ തന്നെ ഓക്കെ പറയും എന്നാണ് സത്യസന്ധമായി ഞാന്‍ വിചാരിച്ചത്. കാരണം ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. ശത്രുക്കളായി ജനിച്ചവരൊന്നുമല്ല. കഴിഞ്ഞ 10 വര്‍ഷത്തില്‍ കാര്യങ്ങള്‍ എങ്ങനെ മാറിയെന്ന് അറിയില്ല. ഞങ്ങള്‍ രണ്ടു പേര്‍ക്കും അവരവരുടേതായ കാരണങ്ങള്‍ ഉണ്ടാവും. അങ്ങനെ അദ്ദേഹത്തിന്റെ മാനേജരോട് സംസാരിച്ചു. സാധാരണ ഞാന്‍ അവരോട് സംസാരിക്കാറില്ല. പക്ഷേ, ഞാന്‍ വിളിച്ചു. എന്നിട്ടു പറഞ്ഞു, എന്‍ഓസി ഞങ്ങള്‍ക്കു വേണ്ട, ആ ക്ലിപ്പുകളും ഉപയോഗിക്കുന്നില്ല. എങ്കിലും അദ്ദേഹത്തോട് ഒന്ന് ഫോണില്‍ സംസാരിക്കാന്‍ കഴിയുമോ എന്നാണ് ചോദിച്ചത്. എന്താണ് പ്രശ്‌നം എന്ന് നേരില്‍ അറിയാന്‍ വേണ്ടിയായിരുന്നു. കാരണം ഡോക്യുമെന്ററി ആ സമയത്ത് റി എഡിറ്റ് ചെയ്ത് നെറ്റ്ഫ്‌ലിക്‌സ് അപ്‌ലോഡ് ചെയ്ത് കഴിഞ്ഞിരുന്നു. അവര്‍ക്കെല്ലാം സമയത്ത് തന്നെ വേണം.

ധനുഷിനോട് നേരിട്ട് സംസാരിച്ച്, അതായത് ഒരു ഫോണ്‍ കോളിലൂടെ എങ്കിലും സംസാരിച്ച് എന്താണ് പ്രശ്‌നമെന്നും എന്തിനാണ് ഞങ്ങളോട് ദേഷ്യം എന്നും എനിക്ക് അറിയണം എന്നുണ്ടായിരുന്നു. തെറ്റിദ്ധാരണയാണെങ്കില്‍ മാറ്റാമല്ലോ. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് പറയുന്നില്ല. പിന്നീട് എവിടെ എങ്കിലും വച്ച് കണ്ടാല്‍ ഒരു ഹായ് പറയുന്ന രീതിയിലേക്ക് എങ്കിലും മാറ്റാമല്ലോ. ഇതിനാണ് ഞാന്‍ ശ്രമിച്ചത്. പക്ഷേ അതിനും സാധിച്ചില്ല. അപ്പോഴും എനിക്ക് അദ്ദേഹത്തോട് ദേഷ്യമൊന്നും തോന്നിയില്ല. സാരമില്ല, പോകട്ടെ എന്ന് കരുതി.

ആ വരികള്‍ ഉപയോഗിക്കാന്‍ കഴിയാതെ വന്നപ്പോള്‍ വിഘ്‌നേശ് മറ്റൊരു ഗാനം എഴുതി, അങ്ങനെ അത് ഉപയോഗിക്കാന്‍ തീരുമാനിച്ചു. ഡോക്യുമെന്ററിയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. അതില്‍ ഞങ്ങളുടെ ഫോണുകളില്‍ ചിത്രീകരിച്ച ബിടിഎസ് ദൃശ്യങ്ങള്‍ ഉപയോഗിച്ചിരുന്നു. ആളുകള്‍ക്ക് ഇപ്പോഴും മനസ്സിലാകാത്ത കാര്യമുണ്ട്. ഇത് അദ്ദേഹത്തിന്റെ ഫൂട്ടേജാണ്, അദ്ദേഹത്തിന് ആണ് അവകാശമെന്ന് വാദിക്കുന്നവരുണ്ട്. പക്ഷേ ബിടിഎസ് ഫുട്ടേജുകള്‍ കരാറിന്റെ ഭാഗമായത് ഇപ്പോഴാണ്. പത്ത് വര്‍ഷം മുമ്പ് അങ്ങനെ ഇല്ലായിരുന്നു, ഇതിനൊരു എഗ്രിമെന്റ് ഇല്ല. അന്നൊക്കെ ഷൂട്ടിങ് സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങള്‍ ആളുകള്‍ മൊബൈല്‍ ഫോണിലൊക്കെ ഷൂട്ട് ചെയ്ത് വച്ചിരുന്നു. അങ്ങനെ ഞങ്ങളുടെ ഫോണില്‍ കിടന്ന ക്ലിപ്പുകളാണ് ആ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചത്.

ഇത്രയും വര്‍ത്തമാനങ്ങള്‍ അതിനോടകം കഴിഞ്ഞതിനാല്‍ ട്രെയ്‌ലര്‍ ഇറങ്ങുമ്പോള്‍ സാധാരണയായി ആരും കരുതുക, അതങ്ങ് വിട്ടേക്കാം എന്നാണ്. കാരണം, ഡോക്യുമെന്ററിയില്‍ ഇതൊന്നും ഉപയോഗിക്കുന്നില്ലെന്നും അവര്‍ക്ക് നന്നായി അറിയാം. എന്നാല്‍ അദ്ദേഹത്തെപ്പോലൊരു വ്യക്തിത്വം, ഒരുപാട് ആളുകള്‍ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന നടന്‍, നമ്മളും അതേ സ്‌നേഹവും ബഹുമാനവും കാത്തുസൂക്ഷിക്കുന്ന താരം… അങ്ങനെയൊരാള്‍ ഇങ്ങനെയൊരു അനീതി ചെയ്തപ്പോള്‍ പ്രതികരിക്കേണ്ടി വന്നു. ആ ധൈര്യം എനിക്കു വന്നത് സത്യമുള്ളതുകൊണ്ടാണ്. വ്യാജമായ എന്തെങ്കിലും സൃഷ്ടിച്ചെടുക്കേണ്ടി വന്നെങ്കിലേ ഭയപ്പെടേണ്ട സാഹചര്യമുള്ളൂ. ഇപ്പോള്‍ ഞാന്‍ ഇത് ചെയ്തില്ലെങ്കില്‍ അത് പരിധിക്കപ്പുറത്തേക്ക് തള്ളപ്പെടും.

ഇത് മറ്റുള്ളവര്‍ക്കും ഒരു പ്രചോദനമായെന്നാണ് എനിക്ക് തോന്നുന്നത്. ഒരുപാട് ആളുകള്‍ എന്നെ പിന്തുണച്ചെത്തി. ഇത് അദ്ദേഹത്തിന് എതിരെയാണെന്നു കരുതുന്നില്ല. ഒരു സ്ത്രീ ഇങ്ങനെ പറഞ്ഞതിലുള്ള പ്രതികരണമാണത്. നമ്മുടെ ഇന്‍ഡസ്ട്രിയില്‍ എന്താണ് സംഭവിക്കുന്നത്. പലപ്പോഴും സ്ത്രീകള്‍ മൗനം പാലിക്കുകയാണ്. നിശബ്ദത പാലിക്കാന്‍ ആവശ്യപ്പെടുകയാണ്. നാം മിണ്ടാതെ ഇരിക്കുമ്പോള്‍ എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് ആരും അറിയില്ല. എന്നാല്‍ ഞാന്‍ പറയുന്നു, ഇനിയും നിശബ്ദരായി ഇരിക്കരുത്. ശബ്ദം ഉയര്‍ത്തേണ്ട സമയത്ത് അതു ചെയ്യണം. എല്ലായ്‌പ്പോഴും എന്നല്ല ഞാന്‍ പറയുന്നത്. ഞാന്‍ എല്ലായ്‌പ്പോഴും ചെയ്തിട്ടില്ല. എന്റെ സഹപ്രവര്‍ത്തകര്‍ക്ക് എന്നോട് നിറയെ ആദരവും സ്‌നേഹവും ഉണ്ട്. സ്‌നേഹത്തേക്കാള്‍ ഉപരി ആദരവാണ്. അതില്ലായിരുന്നുവെങ്കില്‍ എനിക്കിത്രയും കാലം ഇവിടെ നിലനില്‍ക്കാന്‍ കഴിയില്ലായിരുന്നു. എന്നാല്‍, ചില സമയങ്ങളില്‍ നിങ്ങള്‍ക്ക് തോന്നുകയാണ് കാര്യങ്ങള്‍ ശരിയായല്ല പോകുന്നത് എങ്കില്‍, തീര്‍ച്ചയായും നിങ്ങള്‍ തുറന്നു സംസാരിക്കണം.