ഗതാഗത നിയമലംഘനങ്ങൾക്ക് കൃത്യമായി പിഴ ചുമത്തുകയെന്ന ഉദ്ദേശത്തോടെ സ്ഥാപിച്ച എഐ ക്യാമറകൾ കേരളത്തിലെ നിരത്തുകളിൽ വീണ്ടും സജീവമായി. സാമ്പത്തിക പ്രതിസന്ധി കാരണം ഇടയ്ക്ക് പിഴയീടാക്കൽ കൃത്യമായി നടന്നിരുന്നില്ലെങ്കിലും ഇപ്പോൾ സജീവമായി തന്നെ നടപടികൾ പുനരാരംഭിച്ചിട്ടുണ്ട്. 2023 ജൂണിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ക്യാമറകൾ സ്ഥാപിച്ചതിന് ശേഷം ഒന്നര വർഷം പിന്നിടുമ്പോൾ ആകെ നിയമലംഘനങ്ങളുടെ എണ്ണം 98 ലക്ഷം കടന്നിരിക്കുകയാണ്.
സേഫ് കേരള പദ്ധതിയുടെ ഭാഗമായിട്ടുള്ള നടപടിയെന്നോണമാണ് ഓട്ടോമാറ്റഡ് ട്രാഫിക് എൻഫോഴ്‌സ്മെന്റ് സംവിധാനം ഏർപ്പെടുത്തിയത്. ഇതുവരെ 600 കോടി രൂപയ്ക്ക് മുകളിലാണ് പിഴയിനത്തിൽ ചുമത്തിയിട്ടുള്ളത്.
ഇതിൽ 400 കോടിയോളം രൂപ പിഴയായി പിരിച്ചെടുത്തിട്ടുണ്ട്. 230 കോടി രൂപ ചെലവിൽ കേരളത്തിലെ പ്രധാന ട്രാഫിക് ഹോട്ട്സ്പോട്ടുകളിലായി 726 ക്യാമറകളാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചത്. എഐ ക്യാമറകൾ സ്ഥാപിച്ചതിനുശേഷം ഇതുവരെ 631 കോടി രൂപയാണ് പിഴയായി ചുമത്തിയത്. ഇതിൽ 400 കോടി രൂപയോളം പിരിച്ചെടുത്തു.
Read more
2025 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ എ.ഐ ക്യാമറകൾ കണ്ടെത്തിയ നിയമലംഘനങ്ങൾക്കുള്ള പിഴ 273 കോടി രൂപയാണ്. ഇതിൽ 150 കോടി രൂപയോളം പിരിച്ചെടുത്തിട്ടുണ്ട്. എ.ഐ ക്യാമറകൾ കണ്ടെത്തിയ നിയമ ലംഘനങ്ങളിൽ ഏറ്റവും കൂടുതൽ ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിക്കുന്നതാണ്. സീറ്റ് ബെൽറ്റ് ഇടാതെ വാഹനമോടിക്കുക, ഇരുചക്ര വാഹനങ്ങളിൽ മൂന്ന് പേർ ഇരുന്ന് യാത്ര ചെയ്യുക തുടങ്ങിയ നിയമ ലംഘനങ്ങളും നിരവധിയായി കാണപ്പെടുന്നുണ്ട്.