ശുഭരാത്രി കണ്ടു, ഉള്ളില്‍ തൊട്ടു, നെറികെട്ട നമ്മുടെ കാലത്തോട് പലരും പറയാന്‍ മടിക്കുന്ന ചിലത് വ്യാസന്‍ പറഞ്ഞിരിക്കുന്നു; അഭിനന്ദനവുമായി ബി ഉണ്ണികൃഷ്ണന്‍

ദിലീപ് ചിത്രം ശുഭരാത്രിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ഈ ഫീല്‍ഗുഡ് കുടുംബചിത്രത്തെ പ്രശംസിച്ചിരിക്കുകയാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍.

എന്റെ പ്രിയ സുഹൃത്തും സഹപ്രവര്‍ത്തകനുമായ അരോമ മോഹന്‍ നിര്‍മ്മാണപങ്കാളിയായ, വ്യാസന്‍ എഴുതി സംവിധാനം ചെയ്ത ശുഭരാത്രി കണ്ടു. ഉള്ളില്‍ തൊട്ടു. നെറികെട്ട നമ്മുടെ കാലത്തോട്. സൗമ്യമായി എന്നാല്‍ തീഷ്ണമായി പറയേണ്ടട ചിലത് പലരും പറയാന്‍ മടിക്കുന്ന ചിലത് വ്യാസന്‍ പറഞ്ഞിരിക്കുന്നു. സഹജീവികളോടുള്ള കരുണയില്‍ ദൈവത്തെ കാണുന്നതാണല്ലോ എല്ലാ മതങ്ങളുടെയും പൊരുള്‍. ആ അകപ്പൊരുളിന്റെ ചെറുതായുള്ള വീണ്ടെടുപ്പാണ് വ്യാസന്റെ സിനിമ. ക്യാമറയ്ക്ക് മുമ്പിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവരും നന്നായി. പ്രതിഛായയോ താരപരിവേഷമോ നോക്കാതെ , കഥാപാത്രത്തിന്റെ അകക്കാമ്പ് കണ്ടറിഞ്ഞ് കൃഷ്ണനായി മാറിയ, അയാളുടെ ധര്‍മ്മസങ്കടങ്ങളെ നമ്മുടേതാക്കി മാറ്റിയ ദിലീപിനോട് നന്ദി. സ്‌നേഹം, സിദ്ദിഖ് നിങ്ങളെന്തൊരു നടനാപ്പാ, ഓരോ സിനിമയും ഓരോ വിസ്മയമാകുകയാണ്, സിദ്ദിഖ് . വ്യാസന് അഭിനന്ദനങ്ങള്‍, സ്‌നേഹം, ആശ്ലേഷം.

Read more

നെടുമുടി വേണു, സായി കുമാര്‍, ഇന്ദ്രന്‍സ്, നാദിര്‍ഷ, അജു വര്‍ഗീസ്, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധീപ് കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു എബ്രാഹം, കെപിഎസി ലളിത, തെസ്‌നി ഖാന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. സംഗീതം ബിജിബാല്‍. നിര്‍മ്മാണം അരോമ മോഹന്‍. വിതരണം അബാം മൂവീസ്. ആല്‍ബിയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.ചിത്രത്തിന്റേതായി നേരത്തെ ഇറങ്ങിയ പോസ്റ്ററുകളും ടീസറും ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീണ്ട 14 വര്‍ഷത്തോളമായി അഭിനയത്തില്‍ നിന്ന് വിട്ടുനിന്ന നാദിര്‍ഷ വീണ്ടും നടന്റെ കുപ്പായമണിയുന്നു എന്ന പ്രത്യേകതയും ശുഭരാത്രിയ്ക്കുണ്ട്.