'ലൊക്കേഷനില്‍ നിന്നും ഫോട്ടോ എടുക്കാന്‍ സാധിച്ചില്ല, കാര്യം പറഞ്ഞപ്പോള്‍ നേരെ എന്റെ മുറിയിലേക്ക് വന്നു'; വിക്രത്തിനൊപ്പം ബാബു ആന്റണി

26 വര്‍ഷത്തിന് ശേഷം വിക്രത്തിനൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് നടന്‍ ബാബു ആന്റണി. മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് വിക്രവും ബാബു ആന്റണിയും. ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചാണ് ബാബു ആന്റണിയുടെ കുറിപ്പ്.

1995ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം സ്ട്രീറ്റിലാണ് ഇരുവരും ഇതിനു മുമ്പ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. വീണ്ടും അഭിനയിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷം. ഒരുമിച്ച് ഫോട്ടോ എടുക്കണമെന്ന് പറഞ്ഞപ്പോള്‍ വിത്രം തന്റെ കൂടെ മുറിയിലേക്ക് വന്നെന്നും ബാബു ആന്റണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

”വിക്രത്തിനൊപ്പം വീണ്ടും അഭിനയിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷം. സ്ട്രീറ്റ് എന്ന സിനിമയിലാണ് ഞങ്ങള്‍ ഇതിന് മുന്‍പ് ഒരുമിച്ച് അഭിനയിച്ചത്. കഥാപാത്രങ്ങളുടെ കോസ്റ്റ്യൂമുകളില്‍ ആയിരുന്നതിനാല്‍ ലൊക്കേഷനില്‍ ഞങ്ങള്‍ക്ക് ചിത്രങ്ങള്‍ എടുക്കാന്‍ കഴിയില്ല.”

”പക്ഷേ ഒരുമിച്ച് ഒരു ചിത്രം എടുക്കേണ്ട കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം എന്റെ മുറിയിലേക്ക് വന്നു. ഒരുപാട് ഓര്‍മ്മകള്‍ ഞങ്ങള്‍ പങ്കുവച്ചു. എന്റെ മക്കളെ കുറിച്ചും ഭാര്യയെ കുറിച്ചും അദ്ദേഹം അന്വേഷിച്ചു. അദ്ദേഹം വിനയവും മര്യാദയുമുള്ള ആ പഴയ വിക്രം തന്നെ” എന്നാണ് ബാബു ആന്റണി കുറിച്ചിരിക്കുന്നത്.

Read more