പാവപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കുക, കൂടെയുള്ള ഒരു ആര്‍ട്ടിസ്റ്റും ഇങ്ങനെ ഇറങ്ങില്ല; സെക്രട്ടേറിയറ്റിന് മുന്നില്‍ ഭീമന്‍ രഘുവിന്റെ ഒറ്റയാള്‍ സമരം

സെക്രട്ടറിയേറ്റിന് മുന്നില്‍ ഒറ്റയാള്‍ സമരവുമായെത്തിയ നടന്‍ ഭീമന്‍ രഘു ചിത്രങ്ങളും വീഡിയോയും വൈറലാകുകയാണ്. പാവപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കുക’ എന്ന ബാനറും കൈയില്‍ പിടിച്ചാണ് അദ്ദേഹത്തിന്റെ സമരം. പൊലീസുകാര്‍ നടനൊപ്പം സെല്‍ഫിയെടുക്കുകയും ചെയ്യുന്നുണ്ട്.

കൈയില്‍ പഴയ ചാണയും കീറിയ സഞ്ചിയും പിടിച്ച്, കൈലി മുണ്ടുമിട്ടാണ് രഘു സെക്രട്ടറിയേറ്റിന് മുന്നിലെത്തിയത്. എന്നാല്‍ നടന്‍ എന്തിനാണ് സമരം ചെയ്യുന്നതെന്ന് ആദ്യമൊന്നും ചുറ്റും കൂടിയവര്‍ക്ക് മനസിലായില്ല. തുടര്‍ന്ന് അദ്ദേഹം തന്നെ കാര്യം പറഞ്ഞു. പുതിയ ചിത്രമായ ‘ചാണ’യുടെ പ്രമോഷനുവേണ്ടിയാണ് എത്തിയത്.

‘ കൂട്ടത്തിലുള്ള ഒരു ആര്‍ട്ടിസ്റ്റുകളും ഇതുപോലൊരു പ്രമോഷനുവേണ്ടി ഇറങ്ങില്ല. ജനങ്ങളുമായി ഇന്‍ട്രാക്ട് ചെയ്യണം. എങ്കില്‍ മാത്രമേ പടത്തിന് ഗുണം കിട്ടത്തുള്ളൂ. ഹീറോയിസത്തിലേക്ക് ഇതുവരെ വരാന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ ഒരു ഹീറോയിസത്തിലേക്ക് വന്നപ്പോള്‍ എനിക്ക് തന്നെ തോന്നി ഞാന്‍ ചെയ്തിരിക്കുന്ന കഥാപാത്രം വളരെ രസകരമാണെന്ന്. അതുകൊണ്ട് മാത്രമാണ് ഞാന്‍ ഈ കഥ തിരഞ്ഞെടുത്ത്,

ഞാന്‍ തന്നെ സംവിധാനം ചെയ്ത് ജനങ്ങളുടെ ഇടയിലേക്കിറക്കാന്‍ തീരുമാനിച്ചത്. അത് വളരെ മനോഹരമായി ചെയ്തിട്ടുമുണ്ട്. മൂന്ന് അവാര്‍ഡുകള്‍ ഞങ്ങള്‍ വാങ്ങിച്ചു. പടം റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ മൂന്ന് അവാര്‍ഡുകള്‍ കിട്ടിയതുതന്നെ വലിയ കാര്യം. – ഭീമന്‍ രഘു പറഞ്ഞു.