സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ അപമാനിച്ച സംഭവത്തില്‍ പുതിയ പ്രതികരണവുമായി നടന്‍ ബിനീഷ് ബാസ്റ്റിന്‍. ഇന്നലത്തേത് താന്‍ ഏറെ അപമാനിക്കപ്പെടുകയും വിഷമിക്കുകയും ചെയ്ത ദിവസമാണെന്നും വളരെ നല്ല മനുഷ്യനെന്ന് എല്ലാരും പറയുന്ന അദ്ദേഹം തന്നോട് അങ്ങനെ എന്തു കൊണ്ടാണ് അങ്ങനെ പെരുമാറിയതെന്ന് അറിയണമെന്നും ബിനീഷ് ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു. അനിലിന്റെ ചിത്രത്തില്‍ ചാടിക്കയറി അഭിനയിക്കില്ലെന്നും വീഡിയോയില്‍ ബിനീഷ്് പറഞ്ഞു. തന്റെ അടുത്ത ചിത്രത്തില്‍ ബിനീഷിന് ഒരു വേഷമുണ്ടെന്ന് അനില്‍ നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞിരുന്നു.
ബിനിലിന്റെ വാക്കുകള്‍
ടീമേ… എല്ലാവര്‍ക്കും നമസ്‌കാരം, എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. ഞാന്‍ അഭിമുഖീകരിച്ച പ്രശ്‌നം നിങ്ങള്‍ എല്ലാവരും കണ്ടതാണ്. എന്റെ ജീവിതത്തില്‍ ഏറ്റവും അപമാനിതനായ ദിവസമായിരുന്നു ഇന്നലെ. അനില്‍ രാധാകൃഷ്ണ മേനോനെ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരാളാണ്. കൂട്ടുകാരോടു പോലും നല്ലത് മാത്രമാണ് അദ്ദേഹത്തെ കുറിച്ച് പറയാറുള്ളൂ. എവിടെവെച്ചു കണ്ടാലും ചിരിക്കുന്ന വന്ന് കെട്ടിപ്പിടിക്കുന്ന ആളാണ് അദ്ദേഹം. ഇപ്പോള്‍ അദ്ദേഹവുമായൊരു വീഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. ഇത് മൂന്നാല് മാസത്തിനു മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോ ആണ്.
പക്ഷേ എന്തുകൊണ്ടാണ് അദ്ദേഹം ഇന്നലെ എന്നോട് അങ്ങനെ പെരുമാറിയത്. ഞാന്‍ സത്യങ്ങള്‍ മാത്രമാണ് പറയുന്നത്. പാലക്കാട് സംഭവിച്ച കാര്യത്തെ കുറിച്ചാണ് പറയുന്നത്. ഞാനൊരിക്കലും അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാന്‍ പറയുന്നതല്ല. ഞാന്‍ സത്യസന്ധതയുള്ള ആളാണ്. ഇന്നലെ ഉറങ്ങിയിട്ടില്ല. എന്റെ കണ്ണുകള്‍ നോക്കൂ. ഞാന്‍ അനിലേട്ടന്റെ പടത്തില്‍ ചാടിക്കയറി അഭിനയിക്കില്ല. ജനങ്ങള്‍ തീരുമാനിക്കട്ടെ. അവര്‍ക്കും കൂടി ഇഷ്ടപ്പെടുന്ന തീരുമാനമേ ഞാന്‍ എടുക്കൂ. ഒരുകാര്യത്തിലും അനിലേട്ടനെ ദ്രോഹിക്കാന്‍ പോകുന്നില്ല. ഇതുവരെ ദ്രോഹിച്ചിട്ടുമില്ല. എന്തുകൊണ്ടാണ് സാധാരണക്കാരനായ ഒരാളുടെ കൂടെ വേദി പങ്കിടില്ലെന്നു പറഞ്ഞത്, അത് അറിയണം.
ഇപ്പോള്‍ ഞാനും അനിലേട്ടനും ചിരിച്ച് സംസാരിക്കുന്ന വീഡിയോ വന്ന സാഹചര്യത്തിലാണ് ഈ ലൈവ്. അത് പഴയ വീഡിയോ ആണ്. ഒരു നല്ല മനുഷ്യനെന്ന് ഞാന്‍ തന്നെ പറഞ്ഞ ആ മനുഷ്യന്‍ എന്തിനാണ് എന്നോട് ഇങ്ങനെ ചെയ്തത്. അനിലേട്ടന്‍ ഇങ്ങനെ പറയുമെന്ന് ഒരിക്കലും വിചാരിച്ചില്ല. അത്രയ്ക്ക് സങ്കടമുണ്ട്.
പത്താം ക്ലാസ്സ് തോറ്റ ഒരാളാണ്. കൂലിപ്പണിക്കാരുടെ ഇടയില്‍ നിന്നാണ് സിനിമയില്‍ വന്നത്. എന്നെ ഇഷ്ടപ്പെട്ടിട്ടാണ് ആളുകള്‍ ഓരോ പരിപാടിക്ക് വിളിക്കുന്നത്. ഞാനൊരിക്കലും വലിയ നടനൊന്നുമല്ല. ജീവിക്കാന്‍ വേണ്ടി പണിയെടുക്കുന്ന ഒരാളാണ്. അതുകൊണ്ടാണ് ഇന്നലത്തെ സംഭവം ഒരുപാട് വിഷമമുണ്ടാക്കിയത്. എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി.