വയനാട് കല്‍പ്പറ്റയില്‍ ആദിവാസി യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. അമ്പലവയല്‍ സ്വദേശി ഗോകുല്‍ ആണ് കല്‍പ്പറ്റ പൊലീസ് കസ്റ്റഡിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏപ്രില്‍ ഒന്നിന് കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്.
ഗോകുലിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ ഓമനയാണ് ഹൈക്കോടതിയെ സമീപിച്ചത്. നിലവില്‍ ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. നേരത്തെ അന്വേഷണത്തെ തുടര്‍ന്ന് കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിരുന്നു. ഹര്‍ജിയില്‍ കോടതി പൊലീസിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
മെയ് 18ന് ശേഷം കോടതി വിശദമായി വാദം കേള്‍ക്കും. പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഗോകുലിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പിന്നാലെയാണ് ഗോകുലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്ത് വയനാട് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Read more
നേരത്തെ ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തിരുന്നു. പൊലീസ് കംപെയിന്റ് അതോറിറ്റി ചെയര്‍മാനും കല്‍പ്പറ്റ സ്റ്റേഷന്‍ സന്ദര്‍ശിച്ചിരുന്നു. ഫോറന്‍സിക് സര്‍ജന്‍മാരുടെ സംഘവും കല്‍പ്പറ്റ സ്റ്റേഷനിലെത്തിയിരുന്നു. അതേസമയം, ഗോകുലിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്താന്‍ നീക്കവുമായി ആദിവാസി സംഘടനകള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.