വഖഫ് ഭേദഗതി നിയമത്തിനെതിരെ പശ്ചിമബംഗാളില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. മുര്‍ഷിദാബാദില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായതിന് പിന്നാലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ടവരില്‍ ഒരു അച്ഛനും മകനും ഉള്‍പ്പെടുന്നു. സാംസര്‍ഗഞ്ചിലെ വീടിനുള്ളില്‍ നിന്നാണ് ഇവരെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്.
കൊല്ലപ്പെട്ടവരുടെ വീടും അക്രമികള്‍ കൊള്ളയടിച്ചു. സാംസര്‍ഗഞ്ചിലെ ധുലിയാനിലാണ് മറ്റൊരാളെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസവും വിഷയത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം അക്രമാസക്തമായതിന് പിന്നാലെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.
അക്രമസംഭവങ്ങളെ തുടര്‍ന്ന് ജില്ലയില്‍ നിന്ന് 118 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംഘര്‍ഷം ഉണ്ടായ ജാന്‍ഗിപൂര്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. ക്രമസമാധാന പാലനത്തിന് പൊലീസിന് പുറമെ ബിഎസ്എഫിനെയും വിന്യസിച്ചിട്ടുണ്ട്. സ്ഥിതി നിലവില്‍ നിയന്ത്രണവിധേയമായെന്ന് പൊലീസ് പറയുന്നു.
Read more
അക്രമകാരികളെ കണ്ടെത്തുന്നതിന് മാല്‍ഡ, ഹൂഗ്ലി, സൗത്ത് 24 പര്‍ഗ്‌നസ് തുടങ്ങിയ ജില്ലകളിലും പൊലീസ് പരിശോധന നടത്തി വരികയാണ്. വെള്ളിയാഴ്ചത്തെ സംഘര്‍ഷത്തില്‍ മുര്‍ഷിദബാദിലെ ജാന്‍ഗിപൂരില്‍ പ്രതിഷേധക്കാര്‍ പൊലീസ് വാഹനത്തിന് തീയിട്ടിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഖലിലൂര്‍ റഹ്‌മാന്റെ ഓഫീസും അടിച്ച് തകര്‍ത്തു.